കണ്ണൂർ: മതസൗഹാർദ സന്ദേശമുയർത്തുന്ന മഹനീയ കാഴ്‌ചയാണ്, 28 വർഷങ്ങൾക്കിപ്പുറം പെരുങ്കളിയാട്ടം നടക്കുന്ന കാപ്പാട്ട് കഴകം കാട്ടിത്തരുന്നത്. ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമില്ല മുസ്ലിം തറവാടായ കേളോത്തേക്ക്. നിസ്‌കാര പായയും നിലവിളക്കും ശ്രദ്ധേയ പാരമ്പര്യത്തിന്‍റെ പിന്മുറക്കാരും ഇന്നും ഒരുമയോടെയുണ്ട് കേളോത്ത് തറവാട്ടിൽ.
എല്ലാ സന്ധ്യകളിലും നിലവിളക്ക് കൊളുത്തുകയും, നിസ്‌കരിക്കും. പിതാമഹന്മാർ അനുഷ്‌ഠിച്ച ആചാരങ്ങള്‍ ഇന്നും പതിവ് തെറ്റാതെ പിന്തുടരുകയാണവർ. പയ്യന്നൂരിലെ പ്രധാന ക്ഷേത്രമായ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുത്തരിച്ചോറിൽ ഇടാനുള്ള പഞ്ചാരക്കലം സമർപ്പിക്കുന്നത് ഈ തറവാട്ടുകാരാണ്.
തലമുറകൾ മാറുമ്പോഴും എല്ലാ ചിങ്ങ മാസവും പതിവ് തെറ്റാതെ ഇവർ ക്ഷേത്ര നടയിൽ എത്തുന്നു. ഇത്തവണയും കാപ്പാട്ട് കഴകത്തിലേക്ക് പഞ്ചാരക്കലവുമായി അവർ എത്തി. ഇമ്പമുള്ള മാപ്പിള പാട്ടിന്‍റെ അകമ്പടിയിൽ ദഫ് മുട്ടും ക്ഷേത്രം ഭാരവാഹികളുടെ ചെണ്ടമേളവും. രണ്ടും സമാസമം ചേർന്നപ്പോൾ മനം കുളിരുന്ന കാഴ്‌ചയായി, എല്ലാത്തിനും സാക്ഷിയായി കേളോത്തെ മസ്‌ജിദും.
കേളോത്ത് തറവാട്ട് കാരണവർ അബ്‌ദുൾ ഷുക്കൂർ കേളോത്തും അബ്‌ദുൾ സലാം കേളോത്തുമാണ് പഞ്ചാരക്കലം കൈമാറുന്നതിലെ പാരമ്പര്യ കണ്ണികൾ. ഘോഷയാത്രയായി എത്തിയ പഞ്ചാര കലങ്ങൾ ക്ഷേത്രം സ്ഥാനികരും ഭാരവാഹികളും സ്വീകരിച്ചു. നാളെ കാപ്പാട്ട് ഭഗവതിയുടെ പന്തൽ മംഗലത്തിന് ഒരുക്കുന്ന വിഭവ സമൃദ്ധമായ സദ്യയിലെ അതിവിശിഷ്‌ടമായ കായക്കഞ്ഞിയിൽ ഇത് ചേർക്കും.