കണ്ണൂർ: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പച്ചക്കറിയും പൂക്കളും കൃഷി ചെയ്‌ത് മാതമംഗലം കൂട്ടായ്‌മ. ജീവകാരുണ്യ പ്രവർത്തകനായ രമേശൻ ഹരിതയാണ് ഈ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കിയത്. 2018ൽ കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ ദുരിതം അനുഭവിച്ചവരെ സഹായിക്കാനായാണ് മാതമംഗലം കേന്ദ്രീകരിച്ച് കൂട്ടായ്‌മയ്ക്ക് രൂപം നൽകിയത്.
തുടർന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലയിലും ഈ കൂട്ടായ്‌മയുടെ പ്രവർത്തകർ സഹായവുമായി ഓടിയെത്തി. ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണം, വസ്ത്രം, ശുദ്ധജലം, മരുന്ന് തുടങ്ങിയവ എത്തിച്ചു നൽകുകയും തകർന്ന വീടുകളുടെ അറ്റകുറ്റ പണികൾക്ക് സഹായിക്കുകയും ചെയ്‌തു. പ്രളയത്തിന് ശേഷം സ്വന്തം നാട്ടിൽ സന്നദ്ധപ്രവർത്തനങ്ങൾ തുടരാൻ കൂട്ടായ്‌മ തീരുമാനിച്ചു. അങ്ങനെ നിർധനരായ രോഗികൾക്ക് ചികിത്സ സഹായമെത്തിക്കാൻ ഇവർ മുന്നിട്ടിറങ്ങി.
2018 മുതൽ രോഗികൾ, ഭിന്നശേഷിക്കാര്‍, അനാഥ കുടുംബങ്ങൾ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ പേർക്ക് മരുന്നിനും മാറ്റവശ്യങ്ങൾക്കുമായി പ്രതിമാസം നിശ്ചിത തുക ഇവർ നൽകുന്നുമുണ്ട്. പഠനത്തിന് പ്രയാസപ്പെടുന്ന കുട്ടികൾ ചുറ്റുപാടും ഉണ്ടെന്നറിഞ്ഞ മാതമംഗലം കൂട്ടായ്‌മ അവരെ സഹായിക്കാനും മുന്നോട്ട് വന്നു. ഇവർക്ക് പുസ്‌തകങ്ങളും സ്‌കൂൾ ബാഗുകളും കുടയും നൽകി.
സ്വന്തം നാട്ടിൽ മാത്രമല്ല മറ്റ് പഞ്ചായത്തുകളിലും ഇവർ സാന്ത്വനമായി എത്തുന്നുണ്ട്. വൃക്ക രോഗികൾക്കും വലിയ തുക ചികിത്സയ്ക്ക് ആവശ്യമായി വരുമ്പോൾ മാതമംഗലം കൂട്ടായ്‌മ നേരിട്ടും മറ്റുള്ളവരുടെ സഹായങ്ങൾ തേടിയും കൈത്താങ്ങ് ആകുന്നു. ഭിന്നശേഷിക്കാരുടെ അഭയ കേന്ദ്രത്തിലും സാമ്പത്തിക സഹായം, ഭക്ഷ്യധാന്യങ്ങൾ, ചികിത്സ സഹായം എന്നിവ എത്തിച്ചു കൊടുക്കുന്നുണ്ട്.