കണ്ണൂര്‍: മൂന്ന് രാപ്പകല്‍ കേളകം മേഖലയെ ഭീതിയുടെ മുള്‍മുനയിലാഴ്ത്തിയ കടുവ ഒടുവില്‍ വനം വകുപ്പിന്‍റെ കൂട്ടിലായി. രണ്ട് വയസ്സുള്ള ആണ്‍ കടുവയാണ് വനംവകുപ്പിന്‍റെ കൂട്ടില്‍ അകപ്പെട്ടത്. കഴിഞ്ഞ 18-ാം തീയതി 9.30 നാണ് ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ നരോത്ത് കടുവയെ കണ്ടതായി ആധികാരിക വിവരം പുറത്തുവിട്ടത് (Kannur Kelakam Tiger Caged).
അതിനു മുമ്പ് തന്നെ നാട്ടുകാര്‍ കടുവയെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് വനംവകുപ്പുകാരെ അറിയിച്ചിരുന്നു. എന്നാല്‍ മയക്കു വെടി വിദഗ്‌ധന്‍മാരും നാട്ടുകാരുടെ സംഘവും കടുവക്കു വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും വനംവകുപ്പുകാര്‍ നായയെ കൂട്ടിലാക്കി സമീപം ക്യാമറകളും സ്ഥാപിച്ച് പ്രദേശത്തു നിന്ന് മാറുകയായിരുന്നു. അതോടെ വനംവകുപ്പിനെതിരെ ജനങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. സ്ഥലത്ത് നിരോധനാഞ്ജ പ്രഖ്യാപിക്കുകയും ചെയ്‌തു(Two year old male tiger).
മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവയെ കെണിയിലാക്കാന്‍ കഴിഞ്ഞില്ല. കെണിവച്ച പട്ടിയെ കൊന്നുതിന്ന ശേഷം കൂടിന് വലം വച്ച് കടുവ രക്ഷപ്പെടുകയും ചെയ്‌തു. 19-ാം തീയതി കരിയങ്കാപ്പ് പള്ളിക്ക് സമീപം കടുവയെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. റബ്ബര്‍ ടാപ്പിങ്ങും കശുവണ്ടി ശേഖരണവും മുടങ്ങുകയും കുട്ടികളെ സുരക്ഷിതരായി സ്‌ക്കൂളില്‍ അയക്കാനാകാതെ വരികയും ചെയ്‌തതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. കര്‍ഷക കോണ്‍ഗ്രസ് നാളെ (വെള്ളിയാഴ്‌ച) പ്രതിഷേധ സമരത്തിന് ആഹ്വാനവും ചെയ്‌തു. അതിനിടെയാണ് കടുവ ഇന്ന് കൂട്ടില്‍ അകപ്പെട്ടത്.
താരതമേന്യ നല്ല ആരോഗ്യമുള്ള കടുവയെ മയക്കു മരുന്നുവച്ച് മയക്കി കിടത്തിയിരിക്കയാണ്. നെഞ്ചില്‍ ചെറിയ മുറിവും അണുബാധയുമുളളതായി പറയുന്നു. കണ്ണവം ഫോറസ്‌റ്റ് റെയിഞ്ച് ഓഫീസില്‍ എത്തിച്ച കടുവയെ ഡോക്‌ടര്‍മാര്‍ പരിശോധിച്ചു വരികയാണ്. കൂട്ടില്‍ അകപ്പെട്ട കടുവ നല്ല ആകാരമുള്ളതാണ്. കണ്ണവത്തു നിന്നും സുഖം പ്രാപിച്ചാല്‍ നെയ്യാറിലേക്ക് കൊണ്ടു പോകാനാണ് ഇപ്പോഴത്തെ പദ്ധതി.