ലഖ്‌നൗ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നുവേണ്ട പ്രായഭേദമന്യെ എല്ലാവരും കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ക്രീംറോളുകളും ഐസ്‌ക്രീമുകളും. ഇപ്പോഴിതാ ക്രീം റോള്‍ കഴിച്ച് ഏഴു വയസുകാരിയുടെ വായില്‍ രക്ത സ്രാവം ഉണ്ടായെന്ന വാര്‍ത്തയാണ് യുപിയിലെ ഹസ്രത്ഗഞ്ചില്‍ നിന്നും വരുന്നത്. ക്രീം റോള്‍ കഴിച്ച കുട്ടിയുടെ വായില്‍ അതിനുള്ളിലിരുന്ന ഇരുമ്പ് കമ്പി കുരുങ്ങുകയായിരുന്നു. അച്‌ഛനുമൊത്ത് ബേക്കറില്‍ പോയ കുഞ്ഞിന് പിതാവ് ക്രീം റോള്‍ വാങ്ങി നല്‍കുകയായിരുന്നു. നാല് റോളുകളാണ് പിതാവ് വാങ്ങിയത്. ഇതില്‍ മകള്‍ കഴിച്ച റോളിലാണ് അപകടം പതിയിരുന്നത്.
ക്രീം റോള്‍ കഴിച്ചയുടനെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയും വായില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. ഏഴ് വയസുകാരിയുടെ വായില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് കണ്ട് മതാപിതാക്കള്‍ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി കഴിച്ച ക്രീം റോളില്‍ ഇരുമ്പ് കമ്പി ഉണ്ടായിരുന്നുവെന്നും ഇതാണ് കുട്ടിയുടെ വായില്‍ കുടുങ്ങി അപകടമുണ്ടായതെന്നും കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബർ 21നാണ് കുട്ടിക്ക് അസ്വസ്ഥതയുണ്ടായത്. പിതാവ് അഡ്വക്കേറ്റ് ക്രാന്തിവീർ സിങ് പൊലീസില്‍ പരാതിപ്പെടുകയും റോളില്‍ നിന്ന് ലഭിച്ച ഇരുമ്പ് കമ്പി തെളിവായി സമര്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ ബേക്കറി ഉടമയെ വിളിച്ചുവരുത്തി നോട്ടീസ് നൽകിയതായും അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉടമക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
കുപ്പി വെള്ളം ഇനിമുതല്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍
അതേസമയം ഭക്ഷണ സാധനങ്ങളിലെ അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുപ്പി വെള്ളത്തെ ഏറ്റവും കൂടുതല്‍ അപകട സാധ്യത(ഹൈ റിസ്‌ക് കാറ്റഗറി) ഭക്ഷണ വിഭാഗമായി കണക്കാക്കിയിരിക്കുകയാണ് ഫുഡ് സേഫ്‌റ്റി ആൻഡ് സ്‌റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എഫ്‌എസ്‌എസ്എഐയുടെ നടപടി. ഉയര്‍ന്ന മലിനീകരണ തോത്, മോശം സ്‌റ്റോറേജിങ്ങും പാക്കേജിങ്ങും, കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നീ വിഭാങ്ങളില്‍പ്പെടുന്ന ഉത്പന്നങ്ങളെയാണ് പൊതുവെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.
നവംബര്‍ 29നാണ് കുപ്പിവെള്ളത്തെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് എഫ്‌എസ്‌എസ്എഐ പുറത്തിറക്കിയത്. ചില ഉത്പന്നങ്ങളുടെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്) സര്‍ട്ടിഫിക്കേഷന്‍ ഒഴിവാക്കുമെന്നും ഇതേ ഉത്തരവിലൂടെ എഫ്‌എസ്‌എസ്എഐ അറിയിച്ചിരുന്നു. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങള്‍ ചില സുരക്ഷാ പരിശോധനകള്‍ നേരിടേണ്ടതുണ്ട്.