കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ യുവ നേതാവിനെതിരെ മുൻ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്. സ്വർണ്ണക്കള്ളക്കടത്ത് ക്വട്ടേഷൻ സംഘവുമായുള്ള യുവ നേതാവിന്‍റെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് കത്തിൽ ഉൾപെടുത്തിയിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ജാഗ്രതക്കുറവ് ഉണ്ടാവരുത് എന്നൊരു പരാമർശം മാത്രമാണ് ജില്ലാ നേതൃത്വത്തിൽ നിന്ന് ആരോപണ വിധേയനെതിരെ ഉണ്ടായത് എന്ന് സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയിൽ മനു പറയുന്നു.
കത്തിലെ പ്രസക്‌ത ഭാഗങ്ങൾ: ഞാൻ കഴിഞ്ഞ 2022 ഏപ്രിൽ അവസാനം കണ്ണൂർ ഡിസിക്ക് പരാതി നൽകിയിരുന്നു ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എനിക്കെതിരെ സ്വർണക്കള്ളത്ത് ക്വട്ടേഷൻ പ്രവർത്തനം നടത്തുന്ന വ്യക്തികളുമായി ചേർന്ന് ഡിവൈഎഫ്ഐ നേതാവും പാർട്ടി ഡിസി അംഗവുമായ എം ഷാജർ ഗൂഢാലോചന നടത്തി എന്നായിരുന്നു ഉള്ളടക്കം.
ഇതിന് തെളിവായി ആകാശ് തില്ലങ്കേരി എന്ന ക്വട്ടേഷൻ ക്രിമിനലിന്‍റെ രഹസ്യ വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്ന വോയ്‌സ് നോട്ട് കൂടി ഡിസിക്ക് ലഭിച്ചിരുന്നു. എന്നാൽ ഈ പരാതി അന്വേഷിക്കാൻ ഒരു വർഷത്തോളം പാർട്ടി ഡിസി തയ്യാറായില്ല. മൂന്നു തവണ ആക്ഷേപവുമായി ഉന്നയിച്ചെങ്കിലും നീതി ലഭിക്കുകയുണ്ടായില്ല എന്ന് മനു തോമസ് കത്തിൽ പറഞ്ഞു.
ജില്ലാ കമ്മിറ്റി അവഗണിച്ച പരാതി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആവർത്തിച്ചപ്പോഴാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഏകാംഗ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ആരോപണ വിധേയനെ സംരക്ഷിക്കാനുള്ളതാണെന്ന് മനുവിന്‍റെ പക്ഷം. ഇതേതുടർന്നാണ് നടപടിയിലെ പരാമർശം കൂടി ചൂണ്ടിക്കാട്ടി മനു സംസ്ഥാന സെക്രട്ടറിക്ക് അപ്പീൽ നൽകിയത്.