കണ്ണൂർ : മട്ടന്നൂർ മൂർഖൻ പറമ്പിലെ കുന്നിൻ മുകളിലെ വിമാനത്താവളത്തിന്‍റെ സ്ഥലപ്പേര് പോലെ കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ഇഷ്‌ട കേന്ദ്രമാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം. ആദ്യഘട്ടത്തിൽ പന്നി ശല്യമായിരുന്നെങ്കിൽ ഇപ്പോൾ വിമാനത്താവളം നേരിടുന്ന വലിയ പ്രതിസന്ധി മയിലുകളാണ്. വിമാനങ്ങൾ റൺവേയിൽ ഇറങ്ങുന്ന സമയത്തും പറന്നുയരുന്ന സമയത്തും മയിലുകൾ റൺവേയിലേക്ക് കൂട്ടത്തോടെ എത്തുന്നതാണ് അപകട ഭീഷണി ഉയർത്തുന്നത്.
പക്ഷികളെ ഓടിക്കാൻ പ്രത്യേക സംഘം ഉണ്ടെങ്കിലും മയിലുകളുടെ എണ്ണം വർധിച്ചതോടെ ഇവർ നിസഹായരായി മാറിയിരിക്കുകയാണ്. ഷെഡ്യൂൾ ഒന്നിൽപെട്ട പക്ഷിയാണ് മയിൽ. കൂടാതെ ദേശീയ പക്ഷിയും. അതിനാൽ തന്നെ ഇവയെ പിടികൂടി മാറ്റണമെങ്കിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതോടെ എങ്ങനെ മയിലുകളെ തുരത്തുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് വിമാനത്താവളം അധികൃതർ.
പ്രത്യേക കൂടുകൾ സ്ഥാപിച്ച് മയിലുകളെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്. മന്ത്രിസഭയുടെ മുന്നിലും ഒടുക്കം വിഷയം എത്തി. പ്രശ്‌നം ചർച്ച ചെയ്യാൻ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ നാളെ ഉന്നതതല യോഗം ചേരും. അതേസമയം നേരത്തെ ഇവിടെയുണ്ടായിരുന്ന കുറുനരി, കുറുക്കൻ തുടങ്ങിയ ജീവികൾ അപ്രത്യക്ഷമായതാണ് മയിലുകളുടെ എണ്ണം കൂടാൻ കാരണമായതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.