വയനാട്: കനവ് ബേബി എന്ന കെജെ ബേബി (70) അന്തരിച്ചു. നടവയല്‍ ചീങ്ങോട്ടെ വീടിനോട് ചേര്‍ന്നുള്ള കളരിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി 'കനവ്' എന്ന പേരില്‍ വ്യത്യസ്‌തമായ സ്ഥാപനം ആരംഭിച്ചത് ബേബിയാണ്.
പിന്നോക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തിന്‍റെ 'നാടുഗദ്ദിക' എന്ന നാടകം ഏറെ പ്രശസ്‌തമാണ്. മാവേലി മൻറം, ബെസ്‌പുര്‍ക്കാന എന്നിവയാണ് കനവ് ബേബിയുടെ പ്രശസ്‌ത സാഹിത്യ കൃതികള്‍.
ബേബിയുടെ മാവേലി മൻറം നോവലിന് 1994ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. നാടുഗദ്ദിക എന്ന ഗ്രാമീണ നാടകത്തിലെ സമഗ്രസംഭാവനയ്ക്കും നാടകരചനയ്ക്കും അദ്ദേഹത്തിന് ഭാരത് ഭവന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കണ്ണൂരിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27നാണ് കെജെ ബേബി ജനിച്ചത്. ബേബിയുടെ കുടുംബം 1973ലാണ് വയനാട്ടിലേക്ക് കുടിയേറിപ്പാര്‍ത്തത്. വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും അവരെ സ്വയം പര്യാപ്‌തരാക്കുന്നതിനുമായി 1994ലായിരുന്നു കനവ് എന്ന ബദല്‍ വിദ്യാകേന്ദ്രം ബേബി ആരംഭിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് സാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരുന്ന ബേബി തന്‍റെ 'നാടുഗദ്ദിക' എന്ന നാടകവുമായി സംസ്ഥാനത്തെമ്പാടും സഞ്ചരിച്ചു. വയനാട് സാംസ്‌കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്.