ആലപ്പുഴ : കളർകോട് വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച ആൽവിൻ ജോര്‍ജ് (19)ന്‍റെ മരണത്തിൽ ഹോസ്റ്റൽ അധികൃതർക്കെതിരെ മാതാവ് രംഗത്ത്. ഹോസ്റ്റല്‍ അധികൃതര്‍ക്ക് വീഴ്‌ച സംഭവിച്ചതായാണ് ആല്‍വിന്‍റെ അമ്മ മീന ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മീന പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
വൈകിട്ട് 7.30 ന് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്നാണ് നിബന്ധന. എന്നാൽ ഈ നിബന്ധന മറികടന്ന് കുട്ടികൾ പുറത്തു പോയത് എങ്ങനെയെന്ന് ഹോസ്റ്റൽ അധികൃതർ വ്യക്തമാക്കണം. നിബന്ധന പാലിക്കാതെ കുട്ടികൾ പുറത്തു പോയപ്പോൾ എന്തു കൊണ്ടാണ് അധികൃതർ രക്ഷിതാക്കളെ വിവരം വിളിച്ചറിയിക്കാഞ്ഞത്.
സംഭവത്തിൽ ഹോസ്റ്റൽ അധികൃതർക്ക് വീഴ്‌ച പറ്റിയിട്ടുണ്ട്. അധികൃതരുടെ വീഴ്‌ചയിൽ ആറ് ജീവൻ പൊലിയുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാൻ തീരുമാനിച്ചെന്ന് ആൽവിൻ്റെ അമ്മ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിസംബര്‍ 2ന് രാത്രിയാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് എംബിബിഎസ് വിദ്യാർഥികൾ മരിച്ചത്. വണ്ടാനം റ്റിഡി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ഥികളായിരുന്നു ഇവര്‍. രണ്ട് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയിലും മരിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥി ചികിത്സയ്‌ക്കിടെ പിന്നീട് മരണത്തിന് കീഴടങ്ങി.
കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്‌ച മങ്ങിയതാണ് അപകട കാരണമെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നിഗമനം. അപകടത്തില്‍പെട്ട സെവൻ സീറ്റർ കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഓവര്‍ലോഡ്, പ്രതികൂല കാലാവസ്ഥ, വാഹനത്തിന്‍റെ കാലപ്പഴക്കം, വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന് ആര്‍ടിഒ വ്യക്തമാക്കുകയുണ്ടായി. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവൻ ഉള്ളിലേക്ക് വരികയും അത് അപകടത്തിന്‍റെ വ്യാപ്‌തി കൂട്ടുകയുമായിരുന്നുവെന്ന് ആര്‍ടിഒ കൂട്ടിച്ചേര്‍ത്തു.
Also Read: മഴയത്ത് ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധിക്കുക; റോഡിലെ ഹൈഡ്രോപ്ലേനിങ് എട്ടിന്‍റെ പണി തരും