തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിന്‍റെ നൃത്താവിഷ്‌കാരം കേരള കലാമണ്ഡലം ചിട്ടപ്പെടുത്തും. സൗജന്യമായി കുട്ടികളെ പഠിപ്പിക്കാമെന്ന് കലാമണ്ഡലം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നൃത്തം പഠിപ്പിക്കാൻ പ്രശസ്‌ത നടി അഞ്ച് ലക്ഷം ആവശ്യപ്പെട്ടുവെന്ന മന്ത്രി വി ശിവൻകുട്ടിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
കലോത്സവ വേദികളിലൂടെ വളര്‍ന്നുവന്ന നടി അഞ്ച് ലക്ഷം രൂപ ചോദിച്ചത് അഹങ്കാരമായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 16,000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരിയില്‍ സംഘടിപ്പിക്കുന്ന കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനായി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോ എന്നാണ് ഒരു പ്രശസ്‌ത നടിയോട് ചോദിച്ചത്.
ഇതിനായി അഞ്ച് ലക്ഷം രൂപയായിരുന്നു അവര്‍ പ്രതിഫലമായി ചോദിച്ചത്. ഈ പ്രതികരണം വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്‌ക്ക് തന്നെ ഏറെ വേദനിപ്പിച്ചു. സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകരുണ്ടെന്നും അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികളെ സൗജന്യമായി നൃത്തം പഠിപ്പിക്കാമെന്ന് കലാമണ്ഡലം അറിയിച്ചത്.
അതേസമയം, നേരത്തെ നടിക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശത്തെ എതിര്‍ത്തും അനൂകൂലിച്ചും സിനിമ-കലാരംഗത്തെ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. തന്‍റെ പരാമര്‍ശം വിവാദമായതോടെ മന്ത്രി തന്നെ പ്രസ്‌താവന പിന്നീട് പിൻവലിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വേദികളിലായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറുന്നത്. ഗോത്ര നൃത്ത വിഭാഗങ്ങള്‍ കൂടി മത്സരത്തിനുള്ള ആദ്യത്തെ കലോത്സവമാണ് വരാനിരിക്കുന്നത്. മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകള്‍ എന്ന് മന്ത്രി വി ശിവൻകുട്ടി തന്നെ നേരത്തെ അറിയിച്ചിട്ടുണ്ട്.
ആകെ 249 മത്സരങ്ങളാണ് ഉള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 101, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 110 മത്സരങ്ങളും നടക്കും. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 വീതം ഇനങ്ങളുമാണ് ഉള്ളത്.
തിരുവനന്തപുരത്തെ സെൻട്രല്‍ സ്റ്റേഡിയമാണ് കലോത്സവത്തിന്‍റെ പ്രധാന വേദി. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നഗരത്തിലെ 25 സ്‌കൂളുകളിലാണ് മത്സരത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകളായിരിക്കും സജ്ജമാക്കുകയെന്നും മന്ത്രി അറിയിച്ചു.