തൃശൂര്‍ : നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്‌ണനെ നീചമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും സൗന്ദര്യമില്ലാത്ത ഇയാളെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ആയിരുന്നു പരാമര്‍ശം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം ഇങ്ങനെ :
'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ കുറച്ച് അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ കാല്‍ കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നതിന്‍റെ അത്രയും അരോചകമായിട്ട് ഒന്നുമില്ല. എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം കളിക്കേണ്ടത്. ഇവനെ കണ്ടുകഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല'.
അതേസമയം, കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. എന്നാൽ താൻ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ആണ് സത്യഭാമയുടെ വിശദീകരണം. ആരോപണങ്ങളിൽ വസ്‌തുതയില്ലെന്നും സത്യഭാമ പറയുന്നു.