കോഴിക്കോട് : ലോക വ്യാപകമായി ആന്‍റിബയോട്ടിക്കിന്‍റെ അമിത ഉപയോഗത്തിനും ദുരുപയോഗത്തിനും എതിരെ ജാഗ്രത നിർദേശങ്ങളും ക്യാമ്പയിനുകളും നടക്കുമ്പോൾ സംസ്ഥാനത്തിന് അഭിമാനമായി മാറുകയാണ് കോഴിക്കോട് കക്കോടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം. രാജ്യത്തെ ആദ്യ ആന്‍റിബയോട്ടിക് സ്‌മാർട്ട് കേന്ദ്രമാണ് ഈ കുടുംബാരോഗ്യ കേന്ദ്രം. പഞ്ചായത്തിന്‍റെ തനത് പദ്ധതികളിലൂടെയും ചിട്ടയായ പ്രവർത്തനത്തിലൂടെയുമാണ് അഭിമാനകരമായ നേട്ടം കൈവരിക്കാനായത്.
ആന്‍റി ബയോട്ടിക്കിന്‍റെ അമിത ഉപയോഗത്തിനെതിരെ തനത് പദ്ധതികള്‍ ആവിഷ്‌കരിച്ചും നടപ്പാക്കിയും പഞ്ചായത്തിലെ മരുന്നിന്‍റെ അമിത ഉപഭോഗം കുറച്ചാണ് കോഴിക്കോട് കക്കോടി പഞ്ചായത്ത് ഈ പോരാട്ടത്തില്‍ മാതൃക തീർത്തത്. പഞ്ചായത്തിന് കീഴില്‍ കുടുംബശ്രീ, ഹരിതകർമ്മ സേന, കർഷക സംഘങ്ങൾ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായി രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റാൻ കുടുംബാരോഗ്യ കേന്ദ്രത്തിനും കക്കോടി പഞ്ചായത്തിനും സാധിച്ചു. നിലവില്‍ രാജ്യത്തെ ആദ്യ ആന്‍റി ബയോട്ടിക് സ്‌മാർട്ട് കേന്ദ്രമാണ് കക്കോടിയിലേത്.
സംസ്ഥാനത്തിന്‍റെ ആന്‍റിബയോട്ടിക് സാക്ഷരത ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിന് മുൻപ് തന്നെ തനത് പദ്ധതികള്‍ ആവിഷ്‌കരിക്കാൻ ഈ പഞ്ചായത്തിന് സാധിച്ചു. സ്വകാര്യ ഫാർമസികള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളുടെ വിവരം ശേഖരിച്ചും ആന്‍റിബയോട്ടിക്കുകള്‍ പ്രത്യേക പാക്കറ്റിലുമാണ് പഞ്ചായത്തില്‍ നല്‍കി വരുന്നത്. അതേസമയം കക്കോടി പഞ്ചായത്തിനെ തന്നെ ആന്‍റിബയോട്ടിക് സ്‌മാർട്ട് വില്ലേജ് ആക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികാരികള്‍. ഇതിനായി നൂതന പദ്ധതികളാണ് ഇപ്പോൾ ആസൂത്രണം ചെയ്യുന്നത്.
ALSO READ: ഡെങ്കിപ്പനി രണ്ടാമതും വന്നാൽ സങ്കീർണമാകും, അതീവ ജാഗ്രത വേണം: മന്ത്രി വീണ ജോർജ്