കോഴിക്കോട് : കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്‍റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വിട്ട് നൽകും. വിലാപയാത്രയായിട്ടാവും മൃതദേഹം നാട്ടിലെത്തിക്കുക. സംഭവത്തിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ യുഡിഎഫ്, എൽഡിഎഫ്, ബിജെപി ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട് (Kakkayam wild gaur attack death Hartal in Koorachundu).
അതേസമയം എബ്രഹാമിന്‍റെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം ഇന്ന് കൈമാറും. ആക്രമണം നടന്ന മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ഡിഎഫ്ഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പൊലീസിൻ്റെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
അതിനിടെ കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവയ്‌ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം 50 ലക്ഷം രൂപ ധനസഹായം ലഭിക്കണമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണം എന്നുമാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.
Also Read: മൃഗാധിപത്യമോ ? മരണം പതിയിരിക്കുന്ന വനമേഖല, കാടിറങ്ങുന്ന വന്യത സര്‍ക്കാര്‍ വീഴ്‌ചയോ ?
ഇതുമായി ബന്ധപ്പെട്ട് ജില്ല കലക്‌ടറുമായി പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം ചർച്ച നടത്തും. തീരുമാനമായില്ലെങ്കിൽ മെഡിക്കൽ കോളജ് പരിസരത്തും കക്കയത്തും സംഘർഷത്തിന് സാധ്യതയുണ്ട്.