തിരുവനന്തപുരം: കാഫിർ പരാമർശത്തിൽ നിയമസഭയിൽ ഭരണ - പ്രതിപക്ഷ വാക്കേറ്റം. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്നുള്ള കാഫിർ പരാമർശത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് മാത്യു കുഴൽനാടൻ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പ്രകാരം മന്ത്രി എം ബി രാജേഷായിരുന്നു ഇന്നും മറുപടി പറഞ്ഞത്. അന്വേഷണത്തിന്‍റെ ഭാഗമായി പ്രൊഫൈലിന്‍റെ വിവരങ്ങൾ ഫേസ്ബുക്കിനോട് തേടിയിട്ടുണ്ടെന്നും വിവരങ്ങൾ ലഭിച്ചാൽ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എം ബി രാജേഷ് നിയമസഭയെ അറിയിച്ചു.
സൈബർ കുറ്റത്തിന് പ്രൊഫൈൽ വിവരങ്ങൾ ലഭിക്കണമെന്ന കാര്യം അഭിഭാഷകനായ അംഗത്തിന് അറിയാവുന്നതാണ്. വ്യാജ പ്രചാരണങ്ങൾ വർഗീയമായി ഉപയോഗിക്കാൻ സമൂഹ മാധ്യമങ്ങളെ തെറ്റായി ഉപയോഗിക്കുന്ന പ്രവണതയുണ്ട്. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയതിന് 17 കേസുകൾ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
പ്രൊഫൈലിൽ നിന്ന് കണ്ടെന്‍റ് നീക്കം ചെയ്യാൻ 38 മണിക്കൂറും പ്രൊഫൈൽ വിവരങ്ങൾ ലഭിക്കാൻ 78 മണിക്കൂറുമാണ് നിയമപ്രകാരം നൽകിയിട്ടുള്ള സമയമെന്നും എം ബി രാജേഷ് വ്യക്തമാക്കി. തുടർന്ന് സമാനമായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ നടന്ന വ്യാജ പ്രചാരണങ്ങളും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിലെ വ്യാജ ഐ ഡി കാർഡ് വിവാദവും ഭരണപക്ഷം ചോദ്യമായി ഉന്നയിച്ചു.
തുടർന്ന് സഭയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം ആരംഭിച്ചു. വടകരയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് പ്രചരണം നടത്താൻ ശ്രമം നടന്നുവെന്ന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞപ്പോൾ മന്ത്രി മറുപടി ആവർത്തിച്ച് കൊണ്ടാണ് പ്രതിരോധിച്ചത്.
Also Read: നീറ്റ് ചോദ്യപേപ്പർ ചോർച്ച; ഐകകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ