തിരുവനന്തപുരം : കെ സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷൻ. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷണമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരികെയെത്തിയത്. രാവിലെ 11 മണിയോടെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയെ തിരുവനന്തപുരം വഴുതക്കാടുള്ള വസതിയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലേക്ക് പ്രസിഡന്‍റ് ചുമതല ഏറ്റെടുക്കാൻ പുറപ്പെട്ടത്.
ഇന്ദിര ഭവനിൽ പ്രവർത്തകർ ഒരുക്കിയ സ്വീകരണത്തിന് ശേഷമായിരിന്നു പ്രസിഡന്‍റിന്‍റെ മുറിയിലേക്ക് എത്തിയത്. തുടർന്ന് പ്രസിഡന്‍റ് കസേരയിൽ ഇരുന്ന് രജിസ്‌റ്ററിൽ ഒപ്പുവച്ചു. കെഎസ്‌യുവിന്‍റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിൽ സംസ്ഥാന നേതാക്കളും പങ്കെടുത്തു. പ്രസിഡന്‍റ് ആയി തിരികെ ചുമതല ഏൽക്കാൻ എത്തുമ്പോൾ ആക്‌ടിംഗ് പ്രസിഡന്‍റായിരുന്ന എംഎം ഹസന്‍റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നതായി പ്രസിഡന്‍റ് ചുമതല ഏറ്റെടുത്തശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ കെ സുധാകരൻ വ്യക്തമാക്കി.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി പോയതിനെ തുടർന്ന് ഒരു മാസത്തിനു മുൻപ് ആയിരുന്നു എംഎം ഹസന് കെപിസിസി ആക്‌ടിംഗ് പ്രസിഡന്‍റ് ചുമതല എഐസിസി കൈമാറിയത്. എന്നാൽ വോട്ടെടുപ്പ് പൂർത്തിയായിട്ടും ഹസൻ പ്രസിഡന്‍റ് സ്ഥാനത്തു തന്നെ തുടർന്നു. എഐസിസി നിർദേശാനുസരണമാണ് സുധാകരൻ തന്നെ ഇപ്പോൾ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരികെ എത്തുന്നത്.