കണ്ണൂർ : തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സിപിഎം ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തി കെപിസിസി അധ്യക്ഷനും കണ്ണൂർ ലോകസഭ മണ്ഡലം യുഡിഫ് സ്ഥാനാർഥിയുമായ കെ സുധാകരൻ. ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ ശോഭ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനുമായി ചർച്ച നടത്തി. ഗൾഫിൽ നിന്നായിരുന്നു കൂടിക്കാഴ്‌ച എന്നും അദ്ദേഹം പറഞ്ഞു.
എം വി ഗോവിന്ദൻ മാസ്‌റ്റർ പാർട്ടി സെക്രട്ടറി ആയതോടെ ഇ പി അതൃപ്‌തിയിൽ ആണെന്നും കെ സുധാകരൻ ആരോപിച്ചു. എല്ലാം തുറന്നു പറയുന്ന നേതാവ് ആണ് ഇ പി ജയരാജൻ. സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിൻവലിഞ്ഞു. ഗവർണർ പദവി വാഗ്‌ദാനം ചെയ്‌തുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്നും സുധാകരൻ ആരോപിച്ചു.
താൻ ബിജെപിയിലേക്ക് പോകുമെന്ന് നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങൾ ഇത് കാണാതെ പോകരുത്. മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് ഒരിക്കലും പോകില്ല. ഒരു പാർട്ടിയെ കുറിച്ച് ആക്ഷേപം പറയുമ്പോൾ മര്യാദ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളവോട്ട് എല്ല തെരഞ്ഞെടുപ്പിലും സിപിഎം ചെയ്യും. അതിൽ പുതുമയില്ല കള്ളവോട്ട് ചെയ്യുന്നവർക്ക് പാർട്ടി സംരക്ഷണം നൽകുകയും ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. യുഡിഎഫിന്‍റെ ആത്മവിശ്വാസത്തിന്‍റെ പ്രതികരണത്തിന്‍റെ പ്രതിഫലനമാണ് കൊട്ടികലാശാലത്തിൽ കണ്ടതെന്നും സംസ്ഥാനത്ത് 20 സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ വ്യക്തമാക്കി.