കണ്ണൂര്‍ : എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് ബിജെപി നേതാക്കളുമായി കച്ചവട, രാഷ്‌ട്രീയ ബന്ധങ്ങള്‍ ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍. സിപിഎം ബിജെപി ബന്ധത്തിന് ഇടനിലക്കാരനായി നില്‍ക്കുന്നത് ഇപി ജയരാജനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.
രാജീവ് ചന്ദ്രശേഖറുമായുള്ള ഇപിയുടെ കച്ചവട ബന്ധം പരസ്യമായ കാര്യമാണ്. ഈ ബന്ധം ഇപിയ്‌ക്ക് നിഷേധിക്കാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഇടനിലക്കാരനാകുന്നതും ഇപി ജയരാജനാണെന്നും അല്ലെങ്കില്‍ പിണറായി നേരത്തേ ജയിലില്‍ പോയേനെയെന്നും കെ സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിനെ ബിജെപിയുമായി അടുപ്പിക്കുന്നതില്‍ ഇപി ജയരാജന് നല്ല പങ്കുണ്ട്. അത് സത്യമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രതിഫലിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതേ കുറിച്ചെല്ലാം അറിയാം. ഇത്തരം കൂട്ടുകച്ചവടത്തെ കുറിച്ചെല്ലാം അറിവുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍.
ജയരാജന്‍റെ ഒരു കളിയും കേരളത്തില്‍ നടക്കില്ല. കേരളത്തില്‍ ജയരാജന്‍ എന്ത് കളിച്ചാലും ഇവിടെ അദ്ദേഹത്തിന് ഉണ്ടാക്കാന്‍ കഴിയുന്ന രാഷ്‌ട്രീയ നേട്ടം പരിമിതമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.