തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാരിന്‍റെ കെ റൈസ് വരുന്നു. സപ്ലൈകോയുടെ നേതൃത്വത്തിലാണ് ശബരി കെ റൈസ് എന്ന ബ്രാന്‍ഡിലുള്ള അരിയുടെ വിതരണം നടക്കുക. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് മാസം 5 കിലോ അരിയാണ് ലഭ്യമാക്കുക.
ഇതിനായി തെലങ്കാനയില്‍ നിന്ന് പ്രത്യേകം അരി എത്തിക്കും. കൂടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ശേഖരത്തിലുള്ള അരിയും ഉപയോഗിക്കും. ഭാരത് അരിക്ക് സമാനമായി പ്രത്യേകം രൂപകല്‍പന ചെയ്‌ത സഞ്ചിയിലായിരിക്കും അരി വിതരണം ചെയ്യുക. എന്നാല്‍ മുഖ്യമന്ത്രിയുടെ ചിത്രം സഞ്ചിയില്‍ ഉണ്ടാവില്ല.
ഭാരത് അരിയുടെ വിലയായ 29 രൂപയേക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും അരി വിതരണം ചെയ്യുക. ഇന്ന് (മാര്‍ച്ച് 6) ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. നിലവില്‍ സപ്ലൈകോയുടെ കീഴില്‍ ജയ അരി കിലോഗ്രാമിന് 29 രൂപ, കുറുവ, മട്ട അരിക്ക് 30 രൂപ എന്നീ നിരക്കിലാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.
കെ റൈസ് പ്രഖ്യാപനം ഇന്ന്: സംസ്ഥാനത്ത് കെ റൈസ് വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പ്രഖ്യാപനം നടത്തും. അരി വിതരണത്തിന്‍റെ ഉദ്‌ഘാടന തീയതി പിന്നീട് അറിയിക്കും.
മുഖ്യമന്ത്രിയാകും വിതരണോദ്‌ഘാടനം നിര്‍വഹിക്കുക. മാസം തോറും അഞ്ച് കിലോ അരിയാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുക. ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുക. ഇതില്‍ ഏത് അരി വേണമെന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുകയും ചെയ്യാം.