കാസർകോട്: കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ വൻ തട്ടിപ്പ് കണ്ടെത്തി. അംഗങ്ങൾ അറിയാതെ സ്വർണപ്പണയവായ്‌പ എടുത്ത് സെക്രട്ടറി മുങ്ങി. 4.76 കോടി രൂപയുമായാണ് സൊസൈറ്റി സെക്രട്ടറി കെ രതീശന്‍ കടന്നുകളഞ്ഞത്.
തട്ടിപ്പ് നടന്ന കോപ്പറേറ്റീവ് സൊസൈറ്റി സിപിഎം ഭരണസമിതിയുടെ കീഴിലാണ്. സൊസൈറ്റി സെക്രട്ടറിയായ കെ രതീശന്‍ സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്. തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതോടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രതീശനെ പാർട്ടി സസ്പെൻഡ് ചെയ്‌തു.
അതേസമയം, തുടക്കത്തിൽ 1.6 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്നും അന്ന് തന്നെ രതീശനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സിഎച്ച് കുഞ്ഞമ്പു എംഎൽഎ പ്രതികരിച്ചു. പിറ്റേന്ന് തന്നെ പണം തിരിച്ചടയ്ക്കാമെന്ന് രതീശന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും എംഎൽഎ പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം സ്വർണവുമായി മുങ്ങുകയായിരുന്നു. വ്യാജരേഖ ചമച്ചാണ് സ്വർണപ്പണയം എടുത്തത്. കുറ്റവാളിയെ സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്ക് പ്രസിഡന്‍റ് നല്‍കിയ പരാതിയില്‍ രതീശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നേക്കാമെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.
Also Read: സിദ്ധാർഥിന്‍റെ മരണം : അമ്മയെ പ്രതികളുടെ ജാമ്യ ഹർജിയിൽ കക്ഷി ചേർത്ത് ഹൈക്കോടതി