തിരുവനന്തപുരം: ദേവസ്വം വകുപ്പ് എംഎൽഎ ഒ ആർ കേളുവിന് നൽകാത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയും നിയുക്‌ത എംപിയുമായ കെ രാധാകൃഷ്‌ണൻ. ഏത് വകുപ്പ് എന്നതല്ല, മന്ത്രി സ്ഥാനത്തേക്കുളള കേളുവിന്‍റെ കടന്നുവരവാണ് പ്രധാനം. വയനാട്ടിൽ നിന്ന് മന്ത്രിസഭയിലെത്തുന്നു, ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി കേരളത്തിന് ഒരു മന്ത്രിയെ കിട്ടുന്നു എന്നാണ് കാണേണ്ടതെന്നും മുൻ മന്ത്രി പറഞ്ഞു. വകുപ്പ് നല്‍കുന്നത് അത് കൈകാര്യം ചെയ്യാനുളള പ്രാപ്‌തി നോക്കിയാണ്. ഇപ്പോള്‍ കേളുവിന് നല്‍കിയിട്ടുളള വകുപ്പുകള്‍ അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും രാധാകൃഷ്‌ണൻ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കെ രാധാകൃഷ്‌ണന്‍ പട്ടികജാതി-പട്ടികവർഗ ക്ഷേമം, പാർലമെൻ്ററികാര്യം, ദേവസ്വം എന്നീ വകുപ്പുകളില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. പകരം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ഒ ആര്‍ കേളുവിന് ദേവസ്വം വകുപ്പ് ഒഴിച്ചുളള വകുപ്പുകള്‍ മാത്രമാണ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഇടത് സർക്കാരിനെതിരെ മറ്റ് രാഷ്‌ട്രീയ പാർട്ടികൾ വലിയ വിമർശനം ഉന്നയിച്ചിരുന്നു.
കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തത് എൽഡിഎഫ് സർക്കാരിൻ്റെ തെറ്റായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ലോക്‌സഭയിലെ ഏറ്റവും മുതിർന്ന എംപിയായ കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്‌പീക്കറാക്കാതിരുന്ന കേന്ദ്രസർക്കാര്‍ തീരുമാനത്തെ എതിര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയൻ കേളുവിൻ്റെ കാര്യത്തിൽ വ്യത്യസ്‌തമായ നിലപാടാണ് സ്വീകരിച്ചതെന്നും വി ഡി സതീശൻ നിയമസഭയില്‍ പറഞ്ഞു. കേന്ദ്രസർക്കാർ കാണിച്ച അതേ മനോഭാവമാണ് കേളുവിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ഒ ആർ കേളു പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി