തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നടപടി ഡീലിന്‍റെ ഭാഗമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും എല്ലാം വൈകാതെ തന്നെ പുറത്തുവരുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കേസിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇഡി നോട്ടീസുമായി വരരുത്, തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം കേസിൽ അന്വേഷണവുമായി മുന്നോട്ടു പോകണം. ബിജെപിക്ക് വേണ്ടി ഒരാളെ കേരളത്തിൽ നിന്ന് ജയിപ്പിച്ച് അയക്കാനാണ് ഇപ്പോഴത്തെ നീക്കം.
തൃശൂര്‍ തിരുവനന്തപുരം മണ്ഡലങ്ങളിൽ വിജയം നേടാനുള്ള ബിജെപിയുടെ നീക്കത്തിന്‍റെ ഭാഗമാണ് ഇഡി അന്വേഷണം. ഇതിന് പകരമായി ഇടതുപക്ഷത്തെ ബിജെപി സഹായിക്കും അതാണ് സിപിഎം ബിജെപി ഡീൽ. അധികാരത്തിലെത്തിയാൽ നിക്ഷ്‌പക്ഷമായ അന്വേഷണം നടത്തുമെന്നും നിക്ഷേപകരുടെ പണം മടക്കി നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവാദിത്തം കാണിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെതിരായ ഇഡി നീക്കം രാഷ്‌ട്രീയ പ്രേരിതമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എംകെ കണ്ണനും പ്രതികരിച്ചിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും പാര്‍ട്ടി അക്കൗണ്ടും തമ്മിലുള്ള ബന്ധമെന്തെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസ് ചോദ്യമുയര്‍ത്തി. പാര്‍ട്ടിക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നും എംഎം വര്‍ഗീസ് ചോദിച്ചു. കേസില്‍ ഇഡിയുമായി സഹകരിക്കാതിരിക്കേണ്ട കാര്യമില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ ഇഡിയ്‌ക്ക് കൈമാറിയിട്ടുള്ളതായും ആവശ്യമെങ്കിൽ ഇനിയും നൽകുമെന്നും എംഎം വര്‍ഗീസ് വ്യക്തമാക്കി.