കോഴിക്കോട് : പൊതുപ്രവർത്തനത്തിൽ നിന്ന് തത്കാലം മാറിനിൽക്കുന്നുവെന്ന് ആവർത്തിച്ച് കെ മുരളീധരൻ. ഇനി മത്സരിക്കാനില്ല. അതിനുള്ള മൂഡ് നഷ്‌ടപ്പെട്ടു. കെപിസിസി അധ്യക്ഷ സ്ഥാനവും വേണ്ട, ആ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറിനിൽക്കേണ്ട ആവശ്യമില്ല. അത്രയും നല്ല റിസൽട്ടാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. യാതൊരു ആവശ്യവും നേതൃത്വത്തിന് മുൻപിൽ വച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ പറഞ്ഞു.
രാജ്യസഭയിലേക്കുമില്ല, താൻ രാജ്യസഭയ്ക്ക് എതിരാണ്. ആ സ്ഥാനത്ത് ഇരുന്നാൽ തനിക്ക് എന്തോ അസുഖമുണ്ടെന്ന് കരുതും. തന്‍റെ തോൽവിയിലും അടിയിലും അന്വേഷണ കമ്മീഷന്‍റെ ആവശ്യമില്ല. അന്വേഷണ കമ്മീഷൻ വന്നാൽ ഇനിയും അടിയുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
വടകരയിൽ നിന്ന് പോയത് എടുത്ത് ചാട്ടമായിപ്പോയി. ആലോചിച്ച് തീരുമാനം എടുക്കണമെന്നാണ് ഈ തെരഞ്ഞെടുപ്പിൽ നിന്ന് പഠിച്ച പാഠമെന്നും മുരളീധരൻ സൂചിപ്പിച്ചു. തോൽവിയിൽ ഒരു നേതാവിനെയും കുറ്റം പറയാനില്ല.
തൃശൂരിൽ കത്തോലിക്ക സഭ വോട്ടിൽ വിള്ളലുണ്ടായി. തോൽവിയുടെ പേരിൽ തമ്മിലടി വേണ്ട. അച്ചടക്കമുള്ള പ്രവർത്തകനായി പാർട്ടിയിൽ തുടരുമെന്നും ബിജെപിയിലേക്ക് പോകുന്നതിലും നല്ലത് വീട്ടിൽ ഇരിക്കുന്നതാണെന്നും കെ. മുരളീധരൻ പറഞ്ഞു.
ALSO READ : 'തിരുവഞ്ചൂർ രാധാകൃഷ്‌ണനെതിരെ ഗുരുതര ആരോപണവുമായി സിപിഎം; വോട്ട് കച്ചവടം നടത്തിയെന്ന് ആക്ഷേപം