എറണാകുളം: രാജസ്ഥാനിലെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമർശത്തിൻ കോൺഗ്രസ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെ സി വേണുഗോപാൽ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്യമായ കലാപാഹ്വാനമാണ് മോദി നടത്തിയത്. പ്രധാനമന്ത്രി ഇരിക്കുന്ന പദവിയെ കുറിച്ച് ഓർമ്മിക്കണം. തെരഞ്ഞെടുപ്പിനെ മോദി ഭയപ്പെടുന്നതിന്‍റെ സൂചനയാണ് ഇന്നലെ നടത്തിയ പ്രസംഗം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നുണ പ്രചരിപ്പിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും കെ സി ആരോപിച്ചു.
ഇന്ത്യയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും പ്രകടന പത്രിക നരേന്ദ്ര മോദിക്ക് അയച്ചു കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കോൺഗ്രസ് പ്രസിഡന്‍റ് അപ്പോയ്‌ന്‍റ്‌മെന്‍റ് എടുത്ത് മോദിയെ കണ്ട് പ്രകടന പത്രിക പറഞ്ഞു മനസിലാക്കും. പ്രധാനമന്ത്രിക്ക് കള്ളം പറയാൻ ഉള്ള അനുവാദം തെരഞ്ഞെടുപ്പ് കമ്മീഷൻ കൊടുത്തിട്ടുണ്ടോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
പ്രധാനമന്ത്രി തന്നെ വിദ്വേഷ പ്രസംഗം നടത്തുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടിയാണ് എടുക്കുന്നത് എന്ന് അറിയാൻ താല്‌പര്യമുണ്ട്. മോദിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. വിദ്വേഷ പ്രസംഗ വിഷയത്തിൽ പ്രതിഷേധം കോൺഗ്രസ് രാജ്യ വ്യാപകമായി ഏറ്റെടുക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തോൽവി തിരിച്ചറിഞ്ഞിട്ടാണ് ഇത്തരത്തിൽ ഭിന്നിപ്പിക്കുന്ന വാദവുമായി മോദി രംഗത്ത് വന്നതെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
മോദിയുടെ അതേ ഭാഷയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും. രണ്ടു പേർക്കും ഒരാൾ തന്നെയാണ് പ്രസംഗം തയ്യറാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇത്രയും അപഹാസ്യനായ ഒരാളുടെ കയ്യിൽ നിന്നും രാഹുലിന് സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. യഥാർഥ കമ്യൂണിസ്റ്റ്കാരൻ്റെ മനസിനകത്ത് രാഹുലുണ്ടെന്നും കെ സി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി ബില്ലിനെ കൃത്യമായി പാർലമെൻ്റിൽ കോൺഗ്രസ് എതിർത്തിട്ടുണ്ട്. മതത്തിൻ്റെ അടിസ്ഥാനത്തിൽ സിഎഎ നടപ്പാക്കാൻ വിടില്ലെന്ന് രാഹുൽ വ്യക്തമാക്കിയതാണ്. സ്വന്തം ഭരണവീഴ്‌ച മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.