തിരുവനന്തപുരം: തുണി മൂടിയ നിലയിൽ കണ്ട മൃതദേഹം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടേത് തന്നെയെന്ന് മൃതദേഹം ആദ്യമായി കണ്ടെത്തിയ ശുചീകരണ തൊഴിലാളികളായ രാജീവും മനോജും. ശരീരം അൽപം വീർത്തിരുന്നതായി ഇവർ പറഞ്ഞു. ഇന്നലെ മുതൽ രക്ഷാ പ്രവർത്തന രംഗത്ത് സജീവമായിരുന്നുവെന്നും ഇരുവരും പറഞ്ഞു.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോഴായിരുന്നു തകരപ്പറമ്പ് ഭാഗത്ത് മാലിന്യം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് തകരപ്പറമ്പിൽ എത്തി. മാലിന്യം കൂടി കിടക്കുന്നതിനിടയിൽ മൃതദേഹം കമിഴ്‌ന്നും കിടക്കുന്നതായി കാണുകയായിരുന്നു. തുടർന്ന് കമ്പു കൊണ്ട് തള്ളി നോക്കി.
ആദ്യം സംശയം തോന്നി, അടുത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം ജോയിയുടേതാണ് എന്ന് തിരിച്ചറിഞ്ഞത്. ജോയ് മറ്റൊരു വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. എന്നാൽ ശരീരം കുറച്ച് വീർത്തു എന്നതൊഴിവാക്കിയാൽ കണ്ടാൽ തന്നെ ജോയ് ആണെന്ന് വ്യക്തമാകുമെന്നും ഇരുവരും ഇടിവി ഭാരതിനോട് പ്രതികരിച്ചു.
നിലവിൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജോയിയുടെ ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗികമായി മൃതദേഹം ജോയിയുടെതാണെന്ന് ഉറപ്പിക്കൂ.