കോട്ടയം: പെട്ടന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ കണക്കിലെടുത്ത് സർവ്വ സജ്ജ രക്ഷാപ്രവർത്തനം ഉടൻ സാധ്യമാക്കുന്നതിന് സംസ്ഥാന തലത്തിൽ ദ്രുത കർമ്മസേനയ്ക്ക് രൂപം നൽകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ന്യൂഡൽഹിയിൽ നടന്ന ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഭേദഗതി ബിൽ 2024 ചർച്ചയിലാണ് ജോസ് കെ മാണിയുടെ പ്രതികരണം.
ദുരന്തമുണ്ടാകുന്ന സമയത്ത് ദേശീയ സേനകൾക്ക് എത്തിച്ചേരാൻ സമയമെടുക്കും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിന് ശേഷം കേന്ദ്രസേന സ്ഥലത്തെത്തുമ്പോഴേക്കും പലപ്പോഴും ദുരന്തമുണ്ടായിട്ട് ഒന്നോ അതിലധികമോ ദിവസമെടുക്കും. എന്നാൽ പ്രകൃതിദുരന്ത സ്ഥലത്ത് കുതിച്ചെത്തി നിമിഷങ്ങൾക്കുള്ളിൽ ജീവ രക്ഷാപ്രവർത്തനം കഴിയുന്ന സമഗ്ര സംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് പോലുള്ള വൻ ദുരന്തങ്ങൾ രാജ്യത്ത് ഇത്തരം പൊതു സംവിധാനത്തിന്‍റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരം ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന തലത്തിൽ ദ്രുത കർമ്മ സേനകളെ രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകാൻ സർക്കാർ