കണ്ണൂർ : ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ഏജൻസികളുടെ കുടിവെള്ള വിതരണം. ജില്ലയിലെ ഒട്ടേറെ ഹോട്ടലുകളും തട്ടുകടകളും കൂൾബാറും ബേക്കറികളും ഇപ്പോഴും ആശ്രയിക്കുന്നത് ഇത്തരം ഏജൻസികളെയാണ്.
കഴിഞ്ഞ ദിവസം പകൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ചില സ്ഥാപനങ്ങളിലേക്ക് സ്വകാര്യ ഏജൻസിയാണ് കുടിവെള്ള വിതരണം ചെയ്‌തത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. താളിക്കാവിലെ ഒരു കിണറിൽ നിന്നാണ് ഈ വെള്ളം ശേഖരിച്ചത് എന്നാണ് വിവരം. കാടുമൂടിയ നിലയിലുള്ള കിണറ്റില്‍ നിന്നാണ് വെള്ളം എടുക്കുന്നത്.
മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായതിനെ തുടർന്ന് തളിപ്പറമ്പ് നഗരസഭയിൽ ഇത്തരം ഏജൻസികളെ കർശനമായി നിരോധിച്ചിരിക്കുകയാണ്. തളിപ്പറമ്പിൽ നടന്ന ഓപ്പറേഷൻ, ജില്ല മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
കിണറുകൾ ശുദ്ധീകരിക്കാനായി ജനുവരി ആദ്യം ക്ലോറിനേഷൻ വാരാചരണവും നടക്കുന്നുണ്ട്. സ്വകാര്യ ഏജൻസികൾ വെള്ളം എവിടെ നിന്ന് കൊണ്ടു വരുന്നു എന്നോ എവിടെ വിതരണം ചെയ്യുന്നു എന്നോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആരോഗ്യ വിഭാഗത്തിനും അറിയാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നഗരസഭാ കോർപ്പറേഷൻ പരിധിയിൽ ഒരു കടയ്ക്ക് ലൈസൻസ് നൽകുമ്പോൾ സ്വന്തമായി കിണറോ വാട്ടർ അതോറിറ്റി കണക്ഷനോ നിർബന്ധമാണ്. ഇതുണ്ടായിട്ടും പലരും സ്വകാര്യ ഏജൻസിയെ ആശ്രയിക്കുന്നു. സ്വകാര്യ ഏജൻസിയെ ആശ്രയിക്കുന്ന പക്ഷം ഗവൺമെന്‍റ് ലാബിലോ ഗവൺമെന്‍റ് അംഗീകൃത ലാബിലോ പരിശോധിച്ച് അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് ചട്ടം. എന്നാൽ ഇതും ലംഘിക്കപ്പെടുന്നു.
ഹോട്ടലുകളിൽ നിന്ന് ഭക്ഷണത്തോടൊപ്പം നൽകുന്ന കുടിവെള്ളത്തിൽ ചൂടു കുറയ്ക്കാനായി പച്ചവെള്ളം ചേർക്കുന്നതിന് വിലക്കുണ്ട്. ലൈം ജ്യൂസ് ഐസ്ക്രീം എന്നിവ ഉണ്ടാകുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് നിർദേശവുമുണ്ട്.
സ്വന്തം വീട്ടിലെ കിണർ വെള്ളം പരിശോധനയ്‌ക്ക് വിധേയമാക്കി കോളി സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. ജില്ലയിൽ തളിപ്പറമ്പിന് പുറമേ പരിയാരം, മാലൂർ തൃപ്പങ്ങോട്ടൂർ പ്രദേശങ്ങളിലാണ് കൂടുതലായി മഞ്ഞപ്പിത്ത ബാധയുള്ളത്.