കണ്ണൂര്‍: രുചിപ്പെരുമ കൊണ്ട് ഏഴാം വർഷത്തിലേക്ക് കുതിച്ച് കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ ജനകീയ വനിതാഹോട്ടൽ. ഇടത്തരക്കാര്‍ക്കായി കുറഞ്ഞ ചിലവിൽ നാവിന് രുചികരമായ രീതിയിൽ ഭക്ഷണം ഒരുക്കുക എന്ന ലളിതമായ വിപണനതന്ത്രമാണ് വനിത ഹോട്ടലിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്.
കുത്തരി കഞ്ഞിയും ഊണുമാണ് ഇവിടെ പ്രധാനമെങ്കിലും പ്രഭാത ഭക്ഷണമായി ഇഡ്ഡലി, ദോശ, പൊറോട്ട, ബീഫ് ഫ്രൈ എന്നിവയും പിന്നാലെ മീന്‍കറി, ചിക്കന്‍ എന്നിവയും രുചിയോടെ ആസ്വദിച്ച് കഴിക്കാം. മലയോരത്തെ ഇടത്തരക്കാര്‍ക്കും വയനാട്ടിലേക്കുള്ള യാത്രികര്‍ക്കും ഏറെ പ്രിയമുള്ള രുചി കേന്ദ്രമായി ഈ വനിതാ ഹോട്ടല്‍ മാറിയിരിക്കുകയാണ്.
വനിതാ കൂട്ടായ്‌മയുടെ കൈപ്പുണ്യത്താല്‍ ഈ മേഖലയില്‍ വനിതാ ജനകീയ ഹോട്ടല്‍ ഒരു ലാന്‍ഡ് മാര്‍ക്കായി മാറിയിരിക്കുകയാണ്. രാവിലെ 11.30 ഓടെ കഞ്ഞി റെഡിയാകും. അതോടെ ഒറ്റയ്‌ക്കും കൂട്ടായും കഞ്ഞി കുടിക്കാന്‍ പതിവുകാരെത്തും.
ആവിപറക്കുന്ന കുത്തരി കഞ്ഞിക്ക് കൂട്ടായി തേങ്ങ ചമ്മന്തി, തോരന്‍, അച്ചാര്‍ എന്നിവയുമുണ്ട്. കഞ്ഞിയ്‌ക്കൊപ്പം സ്‌പെഷ്യല്‍ വേണ്ടുന്നവര്‍ക്ക് ബീഫ് ഫ്രൈയും മീന്‍ പൊരിച്ചതും ഓംലെറ്റും തയാറാണ്. 30 രൂപയുടെ കഞ്ഞി കുടിച്ചാല്‍ മനസും വയറും നിറയും. നാലുകറികള്‍ ഉള്‍പ്പെട്ട ഊണിന് ഇവിടെ 30 രൂപയാണ് ഈടാക്കുന്നത്. ഊണിനൊപ്പം സാമ്പാര്‍, മീന്‍കറി, തോരന്‍, അച്ചാര്‍ എന്നിവ ലഭിക്കും. സ്‌പെഷ്യലായി അയല, മത്തി എന്നിവ വറുത്തതും ലഭിക്കും.
ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുമ്പോഴും കൃത്രിമ നിറങ്ങളോ രാസവസ്‌തുക്കളോ ഒന്നും ഉപയോഗിക്കുന്നില്ലെന്ന സവിശേഷതയും ഈ ഹോട്ടലിനുണ്ട്. ബീഫിന്‍റെ മലയോര രുചി തേടിയെത്തുന്നവര്‍ക്ക് ടേസ്‌റ്റിന്‍റെ ഇടത്താവളം കൂടിയാണ് വനിത ജനകീയ ഹോട്ടല്‍. കളപ്പുരയ്‌ക്കല്‍ രാധ ചന്ദ്രനും പി കെ ജിഷയും നടത്തുന്ന ഈ ഹോട്ടലില്‍ ആകെ അഞ്ച് വനിതകൾ ചേർന്നാണ് വിഭവങ്ങൾ എല്ലാം ഒരുക്കുന്നത്. രാവിലെ 6.30 ന് പ്രഭാത ഭക്ഷണത്തിനായി തുറക്കുന്ന ഹോട്ടല്‍ വൈകീട്ട് 6.30 വരെ പ്രവര്‍ത്തിക്കും.