ഇടുക്കി: മൂന്നാറിനെ പച്ചപുതപ്പിക്കുന്ന തേയിലക്കാടുകളില്‍ നീല വര്‍ണം തീര്‍ക്കുകയാണ് ജക്രാന്ത മരങ്ങള്‍. ആകാശ നീലിമ പൂവിതളുകളിൽ നിറച്ച് മറ്റൊരു വസന്തകാലം സമ്മാനിക്കുകയാണ് നീല വാകമരങ്ങൾ എന്ന് വിളിപ്പേരുള്ള ഈ മരങ്ങള്‍. ആനച്ചാൽ മുതൽ മറയൂർ വരെ പാതയോരത്ത് തണൽ വിരിച്ചു പൂത്തുലഞ്ഞു നിൽക്കുന്ന നീല വാകകള്‍ സഞ്ചാരികളുടെ മനം കവരും.
കടൽ കടന്നെത്തിയ ജക്രാന്ത മരങ്ങള്‍ സമുദ്രനിരപ്പിൽ നിന്ന് ആയിരം മീറ്റർ ഉയരത്തിൽ തണുപ്പുള്ള കാലാവസ്ഥയിലാണ് സമൃദ്ധമായി വളരുന്നത്. വേനലിന്‍റെ തുടക്കത്തില്‍ തന്‍റെ ഇലകൾ മണ്ണിനും പൂക്കൾ നിറഞ്ഞ കാഴ്‌ച കണ്ണിനും സമ്മാനിക്കും ഇവ. ഇലകൾ കൊഴിയുന്നതോടെ ജക്രാന്ത മരങ്ങള്‍ പൂവിടാന്‍ തുടങ്ങും. ഫെബ്രുവരി മുതൽ ഏപ്രിൽ അവസാനം വരെ ജക്രാന്ത വസന്തത്തിന്‍റെ സുഗന്ധം മൂന്നാറിലെ കാറ്റിൽ നിറഞ്ഞ് നിൽക്കും. 50 അടിവരെ ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളിൽ കുലകളായിട്ടാണ് പൂക്കൾ വിരിയുന്നത്. മധ്യവേനല്‍ അവധിക്ക് മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനം നിറയ്‌ക്കും ഇവ.
ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ജക്രാന്ത മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. പാതയോരങ്ങളും ഉദ്യാനങ്ങളും മോടി കൂട്ടാന്‍ വിദേശ രാജ്യങ്ങളില്‍ നീല വാകകള്‍ നട്ടുപിടിപ്പിക്കാറുണ്ട്. മറുനാട്ടിൽ നിന്നെത്തി കേരളത്തിന്‍റെ പാതയോരം കീഴടക്കിയ നീലവാകകൾ പൂത്തു നില്‍ക്കുന്നത് കാണാൻ ഒരുപാട് കണ്ണുകൾ കാത്തിരിക്കുകയാണ്.