ഇടുക്കി : ഇറ്റലിക്കാരി എലിസബത്ത് കൊല്ലത്ത് നിന്ന് രണ്ട് നായ്ക്കുട്ടികളെയും കൊണ്ട് ബസിലും ഓട്ടോയിലും കയറി തൊടുപുഴയിൽ എത്തിയതിന് പിന്നിൽ മറ്റൊന്നുമല്ല. സഹജീവി സ്നേഹത്തിന്‍റെയും കരുണയുടെയും കഥ മാത്രം. അതിങ്ങനെയാണ്...
ഇറ്റാലിയൻ ചിത്രകാരിയും ശിൽപ്പിയുമായ പൗള എന്ന എലിസബത്ത് 2012 മുതലാണ് രാജ്യാന്തര സഞ്ചാരം തുടങ്ങിയത്. വിവിധ നാടുകളിലെ കലയും സംസ്കാരവും അടുത്തറിയുകയാണ് ലക്ഷ്യം. അഞ്ച് വർഷം മുമ്പും ഇന്ത്യയിൽ വന്നിട്ടുണ്ട്. ഇത്തവണത്തെ സന്ദർശനത്തിൽ കൊല്ലം മൺറോതുരുത്തിലായിരുന്നു താമസം. ഇതിനിടെയാണ് തെരുവിൽ അവശരായി അലയുന്ന നായ്ക്കുട്ടികളെ കണ്ടത്. അവയുടെ ദയനീയ സ്ഥിതി കണ്ട് മനസലിഞ്ഞ് ഉപേക്ഷിക്കാതെ കൂടെ കൂട്ടി.
ആണിന് യൂബിയെന്നും പെണ്ണിന് ആമിയെന്നും പേരിട്ടു. ഇതിനിടെ പാർവോ എന്ന വൈറസ് ബാധ പിടിപെട്ടെങ്കിലും കൊല്ലം ജില്ല മൃഗാശുപത്രിയിലെ ചികിത്സയും എലിസബത്തിന്‍റെ കരുതലോടെയുള്ള പരിചരണവും കൊണ്ട് രോഗം പൂർണ്ണമായും സുഖപ്പെട്ടു. പക്ഷേ നായ്‌കുട്ടികളെ ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാല്‍ എലിസബത്ത് തേടിയത് ഒരു അഭയ കേന്ദ്രമാണ്.
വളരെ പരിമിതമായ സാഹചര്യങ്ങളാണെങ്കിലും തൊടുപുഴയിലെ മഞ്ജുവും കീർത്തിദാസും നായ്‌കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി. എലിസബത്ത് നാട്ടിലേക്ക് മടങ്ങുന്നത് സന്തോഷത്തോടെയാണ്. ആമിയേയും റൂബിയേയും കാണാൻ തിരികെ വരാമെന്ന പ്രതീക്ഷയോടെ. അതുവരെ ഫോണിലൂടെ അന്വേഷണം തുടരും.