തിരുവനന്തപുരം: വളരെയധികം സംതൃപ്‌തി നിറഞ്ഞ നിമിഷമെന്നും കൊലപാതകത്തിലെ പ്രതികൾക്ക് തക്കതായ ശിക്ഷയാണ് ലഭിച്ചതെന്നും അന്വേഷണ സംഘത്തലവൻ ജി ജയദേവ് ഐപിഎസ്. ആലപ്പുഴയിലെ രണ്‍ജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചതിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വളരെ ചർച്ച വിഷയമായ കേസ് ആയിട്ട് കൂടി കേസിലെ എല്ലാ പ്രതികളെയും രണ്ടാഴ്‌ചക്കുള്ളിൽ നിയമത്തിന് മുന്നിൽ എത്തിക്കാൻ കഴിഞ്ഞു. മറ്റു പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാനും സാധിച്ചു. തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച പൊലീസ് സംഘത്തലവനായ ജി ജയദേവ് മുന്‍ ആലപ്പുഴ ജില്ല പോലീസ് മേധാവിയും നിലവില്‍ വിഐപി സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമാണ്. ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ചെങ്ങന്നൂർ, കായംകുളം ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് കോടതിയിൽ സുരക്ഷ ഒരുക്കിയത്.
മാവേലിക്കര അഡീഷണൽ കോടതി ജഡ്‌ജി വി ജി ശ്രീദേവിയാണ് 15 പ്രതികളെയും മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകരായ 15 പേരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്‌താവത്തില്‍ കോടതി വ്യക്‌തമാക്കി. രണ്‍ജിത്തിന്‍റെ അമ്മയും ഭാര്യയും മക്കളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ടശേഷമായിരുന്നു ശിക്ഷാവിധി.
പ്രോസിക്യൂഷന്‍ 156 സാക്ഷികളെ വിസ്‌തരിച്ചു. ആയിരത്തോളം രേഖകളും നൂറോളം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. ഇതോടൊപ്പം വിരലടയാളം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും, സിസിടിവി ദൃശ്യങ്ങളും, ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകളും പ്രതികള്‍ക്കെതിരെ നിര്‍ണായകമായിരുന്നു.
2021 ഡിസംബർ 19 നാണ് ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. പ്രഭാതസവാരിക്ക് ഇറങ്ങാൻ നിൽക്കവെയാണ് വെള്ളക്കിണറിലെ സ്വന്തം വീട്ടിൽവെച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വെച്ചാണ് പ്രതികള്‍ രൺജിത്തിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്.
രൺജിത്തിന്‍റെയും അമ്മയുടെയും നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്രതീക്ഷിതമായ ആക്രമണമായതുകൊണ്ടുതന്നെ രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് പ്രദേശവാസികൾ സംഭവത്തെപ്പറ്റി പറഞ്ഞത്. രൺജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.