തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ അപ്പറ്റൈറ്റ്' എന്ന പേരിൽ ഇന്ന് രാവിലെ 11 മണി മുതലാണ് മിന്നൽ പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നവർക്കും ഭക്ഷ്യ സുരക്ഷ വകുപ്പ് നൽകുന്ന രജിസ്ട്രേഷനിലും ലൈസൻസിലും ക്രമക്കേടുകൾ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന.
ഹോട്ടലിലെ ജീവനക്കാർക്ക് നൽകിവരുന്ന പരിശീലനത്തിലുളള ക്രമക്കേട്, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ ഗുണ നിലവാരമില്ലെന്ന പരിശോധന ഫലം വരുന്നവയിൽ ചില ഉദ്യോഗസ്ഥർ മനപ്പൂർവ്വം കാലതാമസം വരുത്തി ശിക്ഷ നടപടികളിൽ നിന്നും ഒഴിവാക്കുന്നു, ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ എടുത്തിട്ടുള്ള ഭക്ഷ്യ ഉത്പാദകർ അതത് വർഷം മാർച്ച് 31 നകം റിട്ടേൺ ഫയൽ ചെയ്യാത്തവരില്‍ നിന്നും പിഴ ഈടാക്കാതിരിക്കുക, സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് സംവിധാനം ചില സ്ഥലങ്ങളിൽ അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുക, ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ ചിലതിൽ നടപടികൾ സ്വീകരിക്കുന്നില്ലായെന്നതടക്കമുള്ള രഹസ്യവിവരങ്ങൾ വിജിലൻസിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
ഭക്ഷ്യ സുരക്ഷ കമ്മിഷണറേറ്റിലും, സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്‌റ്റൻ്റ് കമ്മീഷണർമാരുടെ ഓഫീസുകളിലും, തെരഞ്ഞെടുത്ത 52 ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളിലും ഉൾപ്പെടെ ആകെ 67 ഭക്ഷ്യ സുരക്ഷ ഓഫീസുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്.
Also Read: പ്ലസ് വൺ പ്രവേശനം: ഓൺലൈൻ അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം, അവസാന തീയതി മെയ് 25; അറിയേണ്ടതെല്ലാം