കോട്ടയം: എഡിജിപിക്കെതിരായ പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.
എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുമെന്നും വിവരമുണ്ട്. രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്‌റ്റ് ഹൗസിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണ് വിവരം.
ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ. അജിത് കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് പിവി അൻവർ എംഎൽഎ വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ചത്.
അതേസമയം, പൊലീസ് സേനയിൽ അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാണ്.
അടുത്തിടെ ചില പ്രശ്‌നങ്ങൾ പൊതുസമൂഹത്തിൽ ഉയർന്ന് വന്നിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾ അതിന്‍റെ ഗൗരവം നിലനിർത്തിക്കൊണ്ട് തന്നെ അന്വേഷിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ വിഷയം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.