പത്തനംതിട്ട: റാന്നിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കൊവിഡ് ബൂസ്‌റ്റർ ഡോസ് എന്നുപറഞ്ഞ് കുത്തിവെയ്പെടുത്ത സംഭവത്തില്‍ പൊലീസ് പിടിയിലായ യുവാവിനെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു. പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തില്‍ ആകാശിനെയാണ് (22) റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യത്തില്‍ വിട്ടത്.
ഉതിമൂട് വലിയകലുങ്ക് സ്വദേശിനി ചിന്നമ്മയ്ക്കാണ് (66) കഴിഞ്ഞ ദിവസം വീട്ടിലെത്തി കുത്തിവെയ്‌പ് എടുത്തത്. ചിന്നമ്മയ്ക്ക് പരാതി ഇല്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. സിറിഞ്ചില്‍ മരുന്നോ മറ്റുദ്രാവകങ്ങളോ ഇല്ല എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സിറിഞ്ചുമായി എത്തിയ ആകാശ് റാന്നി. ഗവ. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണെന്നാണ് ചിന്നമ്മയോട് പറഞ്ഞിരുന്നത്. കൊവിഡിന്‍റെ ബൂസ്‌റ്റർ ഡോസ് എടുക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
എന്നാല്‍ വാക്‌സിൻ വേണ്ടെന്ന് ചിന്നമ്മ ഇയാളെ അറിയിച്ചു. കൂടുതൽ നിർബന്ധിച്ചതോടെ ചിന്നമ്മ വാക്‌സിനെടുക്കാൻ സമ്മതിയ്ക്കുകയായിരുന്നു. തുടർന്ന് ഇയാൾ ചിന്നമ്മയുടെ നടുവിന്‍റെ രണ്ട് ഭാഗത്തായി കുത്തിവയ്‌പ്പെടുത്തു.
ഇതിന് പിന്നാലെ നശിപ്പിച്ച് കളയണമെന്ന് പറഞ്ഞ് സിറിഞ്ച് ചിന്നമ്മയ്ക്ക് നല്‍കിയ ശേഷമാണ് പ്രതി സ്ഥലത്ത് നിന്നും പോയത്. ഇതിന് ശേഷം ചിന്നമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുത്തിവയ്പ്പ് എടുത്തത് സംബന്ധിച്ച് പൊലീസ് ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് ഇയാൾ നൽകിയത്. കൊവിഡ് വാക്‌സിൻ എടുത്ത നാള്‍ മുതല്‍ മറ്റാർക്കെങ്കിലും കുത്തിവയ്പ്പ് എടുക്കണമെന്ന് പ്രതി ആഗ്രഹിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതിനിടെതാണ് റാന്നി ഭാഗത്ത് കൂടി പ്രതി സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ വീട്ടിൽ തനിച്ച് താമസിക്കുന്ന ചിന്നമ്മയെ കാണുന്നത്.
തുടർന്ന് മരുന്ന് നിറക്കാത്ത കാലി സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് എടുക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് പൊലീസ് കേസ് എടുത്തത്.