കാസർകോട് : മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയിൽ പൊട്ടിത്തെറി. ജില്ല പ്രസിഡന്റ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ജില്ല കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തകർ പാര്‍ട്ടിയുടെ ശിൽപ്പശാല നടക്കുന്ന ഹോളിലേക്ക് ഇരച്ചുകയറി. ഇതോടെ യോഗം അലങ്കോലമായി. ജില്ല വൈസ് പ്രസിഡന്റ് സുധാമ ഗോസാഡാ, നവനീത് ബഡാജെ, പഞ്ചായത്ത് അംഗവും തെരഞ്ഞടുപ്പ് സമിതിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന യാദവ ബഡാജെ എന്നിവരുടെ സാന്നിധ്യത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
ഇതിലേക്കാണ് ജില്ല കമ്മിറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ.നവീൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ ഇരച്ചുകയറിയത്.
പാർട്ടിക്കുള്ളിൽ ഏതാനും വർഷങ്ങളായി ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ ഒരു പരിപാടിയും നടത്താൻ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പ്രവർത്തകർ നേതാക്കളെ ചോദ്യം ചെയ്യുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാർട്ടി ഗ്രൂപ്പുകളിലും വീഡിയോ പ്രചരിക്കുകയാണ്. ജില്ല പ്രസിഡന്റ് രവീശ തന്ത്രി നേരിട്ടെത്തി നൽകിയ ഉറപ്പുകൾ പാലിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രവർത്തകർ വിളിച്ചുപറയുന്നത് വീഡിയോയില്‍ കാണാം. തെരഞ്ഞടുപ്പ് പരിപാടിയിൽ ആരും സഹകരിക്കില്ലെന്നാണ് മഞ്ചേശ്വരത്തെ ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. അതേസമയം ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം ഒത്തുതീർപ്പാക്കാൻ നേതാക്കൾ ശ്രമം ആരംഭിച്ചിട്ടുണ്ട്.