എറണാകുളം: പനമ്പിള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാതാവിന് ജാമ്യം. ഹൈക്കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്, ആഴ്ച്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പെൺകുട്ടി പീഡനത്തിനിരയായത് കണക്കിലെടുക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. കൂടാതെ അന്വേഷണം പൂർത്തിയായ കേസിൽ ജാമ്യം അനുവദിക്കണമെന്നും പ്രതി വാദമുന്നയിച്ചിരുന്നു. കൊലക്കുറ്റം ചുമത്തിയ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് യുവതിക്ക് ജാമ്യം ലഭിച്ചത്.
ഇക്കഴിഞ്ഞ മെയ് 3ന് പുലർച്ചെ 5 മണിയോടെയാണ് വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതി പൊക്കിൾക്കൊടി പോലും മുറിക്കാത്ത കുഞ്ഞിനെ കവറിൽ പൊതിഞ്ഞ് ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞത്. അവിവാഹിതയായ യുവതി ഗർഭിണിയാണെന്ന വിവരം അറിയില്ലെന്നാണ് വീട്ടുകാർ പൊലീസിന് നല്‍കി മൊഴി.
കുഞ്ഞിന്‍റെ തലയോട്ടിക്കേറ്റ പരിക്കാണ് മരണകാരണമെന്ന് നേരത്തെ പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കൊച്ചി കോർപറേഷന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിലായിരുന്നു കുഞ്ഞിന്‍റെ സംസ്‌കാരം.
Also Read: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ പൊലീസ് കസ്റ്റഡിയിൽ