എറണാകുളം : കൊച്ചിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ വൻ വഴിത്തിരിവ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെയാണ് വലിച്ചെറിഞ്ഞതെന്ന് പൊലീസ്. അതിജീവിത കുറ്റസമ്മതം നടത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാംസുന്ദർ അറിയിച്ചു.
സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌താണ് അന്വേഷണം നടത്തുക. അതിജീവിതയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സംഭവത്തെ കുറിച്ചോ, മകൾ ഗർഭിണിയാണെന്നോ പെൺകുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
അച്ഛനും അമ്മയും മകളും ഉൾപ്പെടുന്ന കുടുംബമാണ് ഫ്ലാറ്റിലെ താമസക്കാർ. എംബിഎ വിദ്യാർഥിയായ 24കാരി മകൾ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഈ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറയുൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിൻ്റെ വാരാന്തയിൽ നിന്നാണ് നവജാത ശിശുവിനെ വലിച്ചെറിഞ്ഞത്.
റോഡിനപ്പുറത്തേക്കുള്ള കുറ്റിക്കാട്ടിലേക്ക് എറിയാനുള്ള ശ്രമത്തിനിടെ റോഡിൽ വീണതായാണ് സംശയിക്കുന്നത്. അതേസമയം കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്ലാറ്റിലുള്ളവരുടെ പേരിലെത്തിയ ഓൺലൈൻ പാഴ്‌സല്‍ കവറിലായിരുന്നു. ഇതും പ്രതിയിലേക്ക് എത്താൻ പൊലീസിന് സഹായകമായി. ഫോറൻസിക് സംഘമുൾപ്പടെ സ്ഥലത്ത് പരിശോധന നടത്തി.
മൃതദേഹം കണ്ടെത്തിയ റോഡിൽ വച്ച് തന്നെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതോടെ ജനങ്ങൾ വലിയ നടുക്കത്തിലാണ്. പനമ്പിള്ളി നഗറിൽ റോഡിലാണ് ഇന്ന് രാവിലെ എട്ടുമണിയോടെ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. നവജാത ശിശു റോഡിൽ വീഴുന്ന നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് രാത്രി വൈകിയായിരിക്കാം മൃതദേഹം ഉപേക്ഷിച്ചതെന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ രാവിലെ എട്ടുമണിയോടെ റോഡിലേക്ക് വലിച്ചെറിഞ്ഞതായി വ്യക്തമായത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രഭാത ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞത്.