തിരുവനന്തപുരം: രാജ്യത്തിന്‍റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേരളം. ദുരന്തങ്ങളെ പ്രതിരോധിക്കാൻ പൊതുവായ മുന്നറിയിപ്പല്ല കൃത്യമായ പ്രവചനങ്ങളാണ് ആവശ്യമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിന് ശേഷമുള്ള പ്രസംഗത്തിലാണ് കേന്ദ്ര ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചത്.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം. അതിജീവനത്തിന് ഊർജം പകരുന്നതാകണം സ്വാതന്ത്ര്യ ദിനാഘോഷമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിൽ നേട്ടങ്ങൾ ഉണ്ടെന്ന് പറയുമ്പോഴും 21-ാം നൂറ്റാണ്ടിൽ പോലും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കപെട്ട സാഹചര്യമുണ്ട്. ഇന്ത്യൻ ജനത അത്തരം ശ്രമങ്ങളെ ഫലപ്രദമായി അതിജീവിച്ചുവെന്നും വിവിധ സേനകളുടെ സല്യുട്ട് ഏറ്റുവാങ്ങിയ ശേഷം നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. കനത്ത മഴയ്ക്കിടെയാണ് ഇത്തവണ തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്.
Also Read: 'ഇന്ത്യ-പാക് വിഭജനം നടത്തിയത് എന്തിന്?' വരും തലമുറയ്‌ക്ക് നമ്മൾ ഉത്തരം നൽകേണ്ടി വരുമെന്ന് സദ്ഗുരു