ആലപ്പുഴ: ഭാര്യയുടെയും പെണ്‍മക്കളുടേയും മുന്നിലിട്ട് ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ാം വാര്‍ഡില്‍ പൂങ്കാവ് തട്ടങ്ങാട്ട് വീട്ടില്‍ സോണി (36) യെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആര്യാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പാതിരപ്പളളി കട്ടിക്കാട്ട് സാജന്‍ (32),പാതിരപ്പളളി പുതുവല്‍ നന്ദു (29) എന്നിവരെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി റോയ് വര്‍ഗ്ഗീസ് ശിക്ഷിച്ചത്.
കേസിലെ മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ ആര്യാട് 18-ാം വാര്‍ഡില്‍ വെളുത്തേടത്ത് ഷാരോണ്‍ (34),തോട്ടക്കാട്ട് വിപിന്‍ (43), ആലപ്പുഴ കാളാത്ത് വള്ളിക്കാട് വര്‍ഗ്ഗീസ്സ് (ജിറ്റോ 41), തകഴി സ്വദേശി പ്രേംജിത്ത്, മണ്ണഞ്ചേരി സ്വദേശി അഡ്വ. വിജേഷ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. പ്രതികളെ കാറില്‍ കയറ്റി കൊണ്ട് പോയി സഹായിച്ചുവെന്ന ആരോപണമാണ് അഭിഭാഷകനെതിരെ ഉന്നയിച്ചിരുന്നത്. ആറാം പ്രതി പ്രേംജിത്ത് തകഴിയില്‍ ഒളിത്താവളം ഒരുക്കിയെന്നുമായിരുന്നു ആരോപണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2017 മെയ് മാസം ഒന്‍പതിന് രാത്രി 8.30 യ്ക്കാണ് സംഭവം. കേസിലെ പ്രതികളുമായുളള മുന്‍ വൈരാഗ്യത്താല്‍ സോണിയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സോണി ആര്യാട് അയ്യങ്കാളി ജംഗ്ഷനില്‍ കോഴികച്ചവടം നടത്തിവരുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. മരിച്ച സോണിയുടെ ഭാര്യ റീനയും മക്കളായ സോനയും സോഫ്‌നയും മാത്രമാണ് പ്രൊസിക്യൂഷന് അനൂകൂലമായി മൊഴി നല്‍കിയത്. മറ്റുളള ദൃക്‌സാക്ഷികള്‍ കൂറുമാറി.
51 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. കേസിലെ തൊണ്ടി വസ്‌തുക്കള്‍ കോടതിയില്‍ നിന്ന് മോഷണം പോയി. പകരം മഹസ്സറുകള്‍ തെളിവാക്കിയാണ് കോടതി വിചാരണ നടത്തിയത്. തൊണ്ടി വസ്‌തുക്കള്‍ മോഷണം പോയതിന് ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അംബിക കൃഷ്‌ണന്‍ ഹാജരായി. വെറുതെ വിട്ട പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ജി പ്രിയദര്‍ശന്‍ തമ്പി, കെ നജീബ്, എസ് ഗുല്‍സാര്‍, പി പ്രമല്‍ എന്നിവര്‍ ഹാജരായി.
Also Read: ആലുവയില്‍ ജിം ട്രെയിനറുടെ കൊലപാതകം; മണിക്കൂറുകൾക്കകം പ്രതി പൊലീസ് പിടിയിൽ