എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ ബാബുവിന് തിരിച്ചടി. സ്വത്ത് കണ്ട് കെട്ടിയ ഇഡി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. സ്റ്റേ ആവശ്യം ഉന്നയിച്ച് കെ ബാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ ഇടപെടാതിരുന്നത്.
കേസ് രണ്ടാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. തൃപ്പൂണിത്തുറയിലെ വീടും വസ്‌തുവും കണ്ടുകെട്ടിയ ഇഡി നടപടി ചോദ്യം ചെയ്‌തായിരുന്നു ബാബുവിന്‍റെ ഹർജി. അതേസമയം തന്നെ സ്വത്ത് കണ്ട് കെട്ടിയ ഇഡി നടപടി പിഎംഎൽഎ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി ശരിവച്ചിട്ടുണ്ട്.
അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്പില്‍ പരാതി നിലനിൽക്കുമ്പോഴായിരുന്നു കെ.ബാബു ഹൈക്കോടതിയെ സമീപിച്ചത്. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയായിരുന്നു ഇഡിയുടെ അന്വേഷണവും 25.82 ലക്ഷം രൂപയുടെ സ്വത്ത് കണ്ട് കെട്ടൽ നടപടികളും.
എക്സൈസ് മന്ത്രിയായിരിക്കെ ബാബുവിന്‍റെ സ്വത്തില്‍ വൻ വര്‍ധനവ് ഉണ്ടായിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇഡി സ്വത്ത് കണ്ടുകെട്ടിയത്. നേരത്തെ കെ ബാബുവിനെ കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്‌തിരുന്നു.
ALSO READ: മാസപ്പടി വിവാദം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്