കാസർകോട്: പ്രാണ പ്രതിഷ്‌ഠയ്ക്ക് അവധി നൽകിയതിൻ്റെ പേരിൽ കൂഡ്‌ലു ഗോപാലകൃഷ്‌ണ സ്‌കുൾ അധികൃതർക്കെതിരെ കർശന നടപടിയെടുക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്‌താവന അപലപനീയമെന്ന് ബി ജെ പി (BJP ON Koodlu Gopalakrishna School Issue). കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയുടെയും ഇടത് മുന്നണി സർക്കാരുകളുടെയും ഹിന്ദുവിരുദ്ധ മനോഭാവത്തിന് ഒടുവിലത്തെ ഉദാഹരണമാണിത്.
പ്രധാനാധ്യാപകൻ്റെ ശമ്പളം ബിജെപി പാർട്ടി ഓഫീസിൽ നിന്നും നൽകുന്നതല്ലെന്ന പ്രസ്‌താവന പതിറ്റാണ്ടുകളായി വളരെ മാതൃകാപരമായി വിദ്യാഭ്യാസ സ്ഥാപനം നടത്തി കൊണ്ട് പോകുന്ന മാനേജ്മെൻ്റിനെ അപമാനിക്കലാണ്. വർഷങ്ങൾക്ക് മുൻപ് ബജറ്റ് അവതരണ വേളയിൽ ശിവൻകുട്ടി ഉൾപ്പെടെയുള്ള ഇടതതുപക്ഷ എം.എൽ.എ പൊതുമുതൽ നശിപ്പിക്കുന്നത് ജനങ്ങൾക്ക് കണ്ടതാണ്. എകെജി സെൻ്ററിൽ നിന്നുള്ള പണം കൊണ്ടല്ല അവ നിർമ്മിച്ചതെന്ന് ശിവൻകുട്ടിയും ഓർക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശതന്ത്രി കുണ്ടാർ പറഞ്ഞു.
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അടക്കം അന്ന് ഭാഗിക അവധി നൽകുകയുണ്ടായി. ഹിന്ദുമതസ്ഥരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു പ്രാണ പ്രതിഷ്‌ഠ. അതുകൊണ്ട് അന്നത്തെ ദിവസം അവധി നൽകിയതിൽ ഒരു തെറ്റുമില്ല. നവകേരള സദസിനു വേദി ഒരുക്കിയ സ്‌കൂളുകൾക്ക് അവധി നൽകാനും സ്‌കൂൾ മതിലുകൾ പൊളിക്കാനും ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മടി ഇല്ലെന്നും സ്‌കൂൾ അധികൃതർക്കെതിരെ നടപടി എടുത്താൽ കമ്മ്യൂണിസ്റ്റ് പാർട്ടി അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും രവീശ തന്തി കുണ്ടാർ കൂട്ടിച്ചേർത്തു (CPM Will Face Consequences Says BJP).
കൂഡ്‌ലു ഗോപാലകൃഷ്‌ണ ഹൈസ്ക്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ഔദ്യോഗിക നിർദ്ദേശമില്ലാതെ അവധി നൽകിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിരുന്നു .പൊതു വിദ്യാഭ്യാസ ഡയറക്‌ടർക്കാണ് നിർദേശം നൽകിയിരുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉത്തരവിട്ടിരുന്നു. കാസര്‍കോട് കുട്‌ലു ശ്രീ ഗോപാലകൃഷ്‌ണ ഹൈസ്‌കൂളിലാണ് ഇന്ന് (ജനുവരി 22) അവധി നല്‍കിയത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
അടുത്ത 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതേ സമയം പ്രാദേശിക അവധിക്ക് സ്‌കൂള്‍ അപേക്ഷ നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ സ്‌കൂളിന്‍റെ അപക്ഷേ പരിഗണിച്ചിരുന്നില്ലെന്നുമാണ് ഡിഇഒയില്‍ നിന്നും ലഭിക്കുന്ന വിവരം.
മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ്: സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി ഫേസ് ബുക്കിലൂടെ അറിയിച്ചു. കാസര്‍കോട് കുട്‌ലു ശ്രീ ഗോപാലകൃഷ്‌ണ ഹൈസ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശമില്ലാതെ അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. അടുത്ത 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശമെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് സ്‌കൂളിന് അവധി നല്‍കിയത് ഏറെ വിവാദമായിരുന്നു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങുമായി ബന്ധപ്പെട്ടാണ് സ്‌കൂളിന് അവധി നല്‍കുന്നതെന്നാണ് സ്‌കൂളിനെ പ്രധാനാധ്യാപകന്‍ ഡിഇഒക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് സ്‌കൂളിന് എങ്ങനെയാണ് അവധി നല്‍കാന്‍ കഴിയുന്നതെന്നാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യം.
സ്‌കൂളിന് അവധി നല്‍കാന്‍ പ്രധാനാധ്യാപകന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അനുമതി നല്‍കിയിരുന്നില്ലെന്നാണ് ഡിഇഒ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡിഇഒ പറഞ്ഞു. എന്നാല്‍ സ്‌കൂളിന് പ്രാദേശിക അവധി നല്‍കാന്‍ പ്രധാനാധ്യാപകന് അധികാരമുണ്ടെന്നും അവധിയെടുത്ത ദിവസത്തിന് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിനം ആക്കുമെന്നും സ്‌കൂള്‍ അധികൃതരും പറയുന്നു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നാണ് (ജനുവരി 22) അയോധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തത്. രാവിലെ 11.30 ഓടെയായിരുന്നു പ്രതിഷ്‌ഠ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങുകള്‍ക്ക് ശേഷം 12.30ഓടെ പ്രതിഷ്‌ഠ ചടങ്ങ് പൂര്‍ത്തിയാക്കി. പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് അയോധ്യയില്‍ വിവിധ പരിപാടികളാണ് അരങ്ങേറിയത്. പ്രതിഷ്‌ഠ ചടങ്ങിന് പിന്നാലെ ക്ഷേത്രം നാളെ (ജനുവരി 23) മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി നേരത്തെ അറിയിച്ചിരുന്നു.