ഇടുക്കി: വനംവകുപ്പ് താൽക്കാലിക വാച്ചര്‍മാരുടെ പിരിച്ചുവിടല്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ഇടുക്കിയിലെ ഇടത് നേതാക്കള്‍ (Idukki LDF workers). വാച്ചര്‍മാരെ പിരിച്ചുവിടുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വാച്ചര്‍മാരെ നിലനിര്‍ത്തണമെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും എല്‍ഡിഎഫ് ഇടുക്കി ജില്ല കണ്‍വീനര്‍ കെ കെ ശിവരാമന്‍ പറഞ്ഞു. വനം മന്ത്രി ഇടപെട്ട് സർവകക്ഷി യോഗം വിളിക്കണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു (forest department to dismiss temporary watchers).
വന്യജീവി ശല്യം രൂക്ഷമായി നില്‍ക്കുന്ന ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷന് കീഴിലുള്ള അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാര്‍ ഫോറസ്റ്റ് റെയിഞ്ചിന് കീഴിലുള്ള താല്‍ക്കാലിക വാച്ചര്‍മാരെ പിരിച്ചുവിട്ടുകൊണ്ടുള്ള മൂന്നാര്‍ ഡിഎഫ്ഒയുടെ ഉത്തരവിറങ്ങിയതിന് പിന്നാലെ വനം വകുപ്പിനെയും മന്ത്രിയെയും വിമര്‍ശിച്ച് ഇടുക്കിയിലെ ഇടത് നേതാക്കൾ രംഗത്തെത്തുകയായിരുന്നു. വാച്ചര്‍മാരെ പിരിച്ചുവിടുന്ന നടപടിയെ ചെറുത്ത് പരാജയപ്പെടുത്തേണ്ടത് ജനങ്ങളുടെ കൂടെ ആവശ്യമാണെന്ന് ജില്ല കണ്‍വീനര്‍ കെ കെ ശിവരാമന്‍ അറിയിച്ചു.
വനം വകുപ്പ് മന്ത്രി ഇടപെട്ട് സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്നും കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു. അതേസമയം, വാച്ചര്‍മാരുടെ ഇടതുപക്ഷ സംഘടനകളടക്കം പിരിച്ചുവിടല്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ്.
കഴിഞ്ഞ 9-ാം തീയതിയാണ് മൂന്നാർ ഡിവിഷന് കീഴിലുള്ള അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാർ ഫോറസ്‌റ്റ് റേഞ്ചുകൾക്ക് കീഴിൽ കാലങ്ങളായി ജോലി നോക്കി വരുന്ന താൽക്കാലിക വനം വകുപ്പ് വാച്ചർമാരെ മാർച്ച് 31ന് ശേഷം പിരിച്ചുവിട്ടുകൊണ്ടുള്ള മൂന്നാർ ഡിഎഫ്ഒയുടെ ഉത്തരവിറങ്ങിയത്. ആർ ആർടിയിലും സെന്‍റർ നഴ്‌സറി, ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നിവിടങ്ങളിലെയും ഒഴിവാക്കി ബാക്കിയെല്ലാ താൽക്കാലിക വാച്ചർമാരെയും പിരിച്ചുവിടാനാണ് ഉത്തരവിൽ പറയുന്നത്.
വന സംരക്ഷണം, മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം, വനവിഭവ ശേഖരണം, വനവികസനം തുടങ്ങിയ ബഡ്‌ജറ്റ് ഹെഡുകൾക്ക് കീഴിൽ ജോലി നോക്കുന്ന താൽക്കാലിക വാച്ചർമാരുടെ ജോലിയാണ് ഇതോടെ നഷ്‌ടമാവുന്നത്. ഈ ബഡ്‌ജറ്റ് ഹെഡുകൾ വഴി വരുന്ന പണമാണ് താൽക്കാലിക വാച്ചർമാർക്ക് ശമ്പളമായി നൽകിയിരുന്നത്. 925 രൂപ ദിവസ വേതനം പറയുന്നുണ്ടെങ്കിലും പ്രതിമാസം ഇവർക്ക് 15000 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്.
മനുഷ്യ വന്യജീവി സംഘർഷം ഏറ്റവും രൂക്ഷമായി തുടരുന്ന ചിന്നക്കനാൽ, ശാന്തൻപാറ ദേവികുളം തുടങ്ങിയ പ്രദേശങ്ങളിൽ വാച്ചർമാരുടെ സേവനം ലഭ്യമല്ലാതാകുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നേക്കും. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് വാച്ചർമാരും ഒപ്പം വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്തെ നാട്ടുകാരും ആവശ്യപ്പെടുന്നത്.
Also read: വന്യമൃഗ ശല്യം രൂക്ഷം; മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ വനംവകുപ്പ്