ഇടുക്കി: ഇടുക്കി ജില്ല കലക്‌ടർ ഷീബ ജോർജിനെ മാറ്റാനുള്ള സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ അനുമതി. 3 വർഷം ഇടുക്കി കലക്‌ടറായി പദവി വഹിച്ച സാഹചര്യത്തില്‍, ഷീബ ജോർജിനെ മാറ്റാൻ അനുവദിക്കണം എന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം.
ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ജില്ല കലക്‌ടറെ മാറ്റാൻ തീരുമാനം എടുത്തിരുന്നുവെങ്കിലും മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നടക്കുന്നതിനാല്‍ കലക്‌ടറെ മാറ്റരുതെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവിൽ മാറ്റം വരുത്തി കലക്‌ടറെ മാറ്റാനുള്ള ആവശ്യവുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, മൂന്നാറിലെ ഭൂമി ഒഴിപ്പിക്കൽ, ഇടുക്കിയിലെ ഭൂമി കയ്യേറ്റം, പട്ടയ പ്രശ്‌നങ്ങള്‍ ഇവയിൽ തങ്ങൾക്ക് ഗുരുതരമായ ആശങ്കയുണ്ടെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്‌താഖ്, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
ജില്ലാ കലക്‌ടറെ മാറ്റിയാൽ കൈയേറ്റം ഒഴിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾക്കായി സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നാണ് കോടതിയുടെ നിർദേശം . ജില്ല കലക്‌ടർക്ക് തുല്യമോ അതിനു മുകളിലോ റാങ്കുള്ള ആളാകണം സ്പെഷ്യൽ ഓഫീസറെന്നും കോടതി പറഞ്ഞു.
ALSO READ: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ കയ്യോടെ പൊക്കി വിജിലന്‍സ്