കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയതിൽ പരിശോധന നടത്തിയ ഡോ. കെവി പ്രീതിയുടെ ഭാഗത്ത് വലിയ വീഴ്‌ച ഉണ്ടായതായി റിപ്പോർട്ട്. നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ടിപി ജേക്കബ് കഴിഞ്ഞ ദിവസം ഉത്തരമേഖല ഐജി കെഎ സേതുരാമന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഡോക്‌ടർക്ക് വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമായി പറയുന്നത്.
ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നേരത്തെ ഐജിക്ക് പരാതി നൽകിയിരുന്നു. ഡോ. പ്രീതിയുടെ പരിശോധന നടക്കുന്നതിന് മുമ്പ് അതിജീവിത പൊലീസിന് നൽകിയ മൊഴികളിലും പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും മെഡിക്കൽ കോളജ് സൂപ്രണ്ടിന് നേരത്തെ കൊടുത്ത പരാതിയിലും ഒരേ കാര്യങ്ങളാണ് സൂചിപ്പിച്ചത്.
പ്രതി തന്നെ ഉപദ്രവിച്ചത് എങ്ങനെയാണെന്ന് അതിജീവിത ഈ മൊഴിയിലും പരാതികളിലും ഒരുപോലെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ കാര്യങ്ങൾ ഡോ. പ്രീതിയോടും പറഞ്ഞതായാണ് അതിജീവിത അസിസ്റ്റന്‍റ് കമ്മീഷണർക്ക് മൊഴി നൽകിയിരുന്നത്. എന്നാൽ കേസ് പരിശോധിച്ച് എഴുതേണ്ട സ്ഥാനത്ത് ഡോ. പ്രീതി ഇക്കാര്യമല്ല രേഖപ്പെടുത്തിയത്. ഡോക്‌ടറുടെ അഭിപ്രായം എഴുതേണ്ട സ്ഥലത്ത് ഒന്നും എഴുതിയിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എന്നാൽ ഇത് കേസിനെ ഗുരുതരമായി ബാധിക്കാൻ ഇടയില്ലെന്നാണ് കരുതുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഡോ പ്രീതി പരിശോധനയ്ക്ക് എത്തിയപ്പോൾ ഒരു ജൂനിയർ ഡോക്‌ടർ ഒപ്പമുണ്ടായിരുന്നതായി ഡോക്‌ടർ പ്രീതിയും ഈ ജൂനിയർ ഡോക്‌ടറും മൊഴി നൽകിയിരുന്നു. എന്നാൽ ഇങ്ങനെയൊരു ഡോക്‌ടറെ കണ്ടിട്ടില്ലെന്ന് അതിജീവിതയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ നേഴ്‌സിംഗ് ഓഫീസർപി ബി അനിതയും മറ്റു രണ്ട് നേഴ്‌സിങ് ഓഫീസർമാരും മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്. ഡോക്‌ടർ പ്രീതിക്കൊപ്പം ഒരു ജൂനിയർ ഡോക്‌ടർ ഉള്ളത് രേഖയിൽ ഇല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍റ് മൊഴിയും റിപ്പോർട്ടിലുണ്ട്.