പത്തനംതിട്ട: റാന്നിയിൽ വെട്ടാതെ കിടന്ന റബർ തോട്ടത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. റാന്നി പെരുനാട് കൂനംകരയിലുള്ള റബർ തോട്ടത്തിലാണ് തലയോട്ടി ഉള്‍പ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ അസ്ഥികൂടാവശിഷ്‌ടം സ്ത്രീയുടേതാണോ പുരുഷന്‍റേതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. പ്രദേശം ജനവാസ മേഖല അല്ല. ഒന്നര വർഷമായി റബർ തോട്ടം ടാപ്പിങ് നടത്താതെ കിടന്നിരുന്നതിനാൽ തോട്ടത്തിലേക്ക് ആരും എത്താറില്ലായിരുന്നു.
ഇന്നലെ (ഓഗസ്റ്റ് 15) വൈകുന്നേരം ഇവിടെ മരം മുറിക്കാനായി എത്തിയവരാണ് തലയോട്ടിയുടെ ഭാഗം കാണുന്നത്. ഇവർ ഇന്ന് (ഓഗസ്റ്റ് 16) രാവിലെ മറ്റ് അസ്ഥികൂട ഭാഗങ്ങളും കണ്ടു. തുടർന്നായിരുന്നു പൊലീസില്‍ വിവരമറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ റബർ തോട്ടത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും അസ്ഥികള്‍ കണ്ടെത്തി. ഫോറൻസിക് സംഘമെത്തി പരിശോധിച്ച ശേഷം അസ്ഥികൂടം ഡിഎൻഎ പരിശോധനക്കയക്കും.
Also Read : 60 ദിവസം മാത്രം പ്രായം, മുത്തശ്ശിക്കൊപ്പം കാണാതയ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം ഇടുക്കിയില്‍