തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്‌മാർട്ട് റോഡുകളുടെ നിർമ്മാണം അനന്തമായി നീളുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തിരുവനന്തപുരം നഗരസഭാ സെക്രട്ടറി രണ്ടാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. കേസ് ജൂണിൽ പരിഗണിക്കും.
273 കോടി മുടക്കിയാണ് നഗരത്തിലെ 80 റോഡുകൾ നവീകരിക്കുന്നത്. 28 റോഡുകളുടെ നവീകരണം ഇനിയും പൂർത്തിയാക്കാനുണ്ട്. കൃത്യമായ ആസൂത്രണമില്ലായ്‌മയാണ് പ്രതിസന്ധിക്ക് കാരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. ഏപ്രിൽ അവസാനത്തോടെ 80 ശതമാനത്തോളം പൂർത്തിയാകേണ്ടിയിരുന്ന സ്‌മാർട്ട് റോഡ് പണിയെ പെരുവഴിയിലാക്കിയത് മുൻ കരാർ കമ്പനിയാണെന്ന പരാതിയാണ് ഉദ്യോഗസ്ഥർ പങ്കുവെക്കുന്നത്.
മുംബൈ ആസ്ഥാനമായ എൻ എം കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു ആദ്യം കരാർ നൽകിയിരുന്നത്. എന്നാൽ ചെറുറോഡുകൾ എല്ലാം ഒരുമിച്ച് കുത്തിപൊളിച്ച് നഗര യാത്ര നരക യാത്രയാക്കിയുള്ള നിർമാണ പ്രവർത്തനത്തിൽ പൊതുസമൂഹത്തിൽ നിന്ന് തന്നെ വ്യാപക പരാതിയായിരുന്നു ഉയർന്നത്. 'ഉപകരാറുകൾ നൽകി കൈയും കെട്ടി നോക്കി നിന്ന കരാർ കമ്പനി പണികൾ ഒച്ചിഴയും വേഗത്തിലാക്കി' എന്നാണ് സ്‌മാർട്ട് സിറ്റിയിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്. ഇതോടെ കരാർ കമ്പനിയെ മാറ്റി ഊരാളുങ്കലിന് വീണ്ടും കരാർ നൽകുകയായിരുന്നു.
നിലവിൽ സ്‌മാർട്ട് സിറ്റി കമ്പനിയുടെ നേതൃത്വത്തിൽ റോഡ് പണികൾ പൂർത്തിയായിട്ടുണ്ട്. വലിയ പദ്ധതികളായ ആല്‍ത്തറ - തൈക്കാട് റോഡ്, ജനറല്‍ ആശുപത്രി - വഞ്ചിയൂര്‍ റോഡ്, അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ് എന്നീ റോഡ് പണികൾ കേരള റോഡ് ഫണ്ട് ബോർഡിൻ്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
Also Read : കണ്‍ഫ്യൂഷന്‍ വേണ്ട; 'അപകടങ്ങളില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റാം'; നിര്‍ദേശങ്ങളുമായി എംവിഡി