തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഡിസംബറിൽ കമ്മിഷൻ ചെയ്യാനുള്ള നീക്കങ്ങളിലാണ് സർക്കാർ. തുറമുഖത്തിന്‍റെ സാധ്യതകൾ മുന്നിൽ കണ്ടുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംരംഭക സാധ്യതകൾക്ക് പരമാവധി പിന്തുണ ലക്ഷ്യമിട്ട് 'ഹഡിൽ ഗ്ലോബൽ 2024' എന്ന പേരിൽ കോവളത്ത് ത്രിദിന സമ്മേളനം നടത്തുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. ഗവേഷക - വികസന സ്റ്റാർട്ടപ്പുകൾ, ഡീപ്ടെക് സ്റ്റാർട്ടപ്പുകൾ എന്നിങ്ങനെ വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള ഭാവിയുടെ വികസന സാധ്യതകൾ ലോകത്തിന് മുന്നിൽ കേരളത്തിലെ സംരംഭകർക്ക് അവതരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ത്രിദിന സമ്മേളനമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.
നബാർഡ്, എച്ച്‌ഡിഎഫ്‌സി ബാങ്കുകളുടെ സഹായത്തോടെ നടത്തുന്ന സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് വിദഗ്‌ധർ, ഫണ്ടിങ് ഏജൻസികൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോൺസൽ ജനറൽമാർ ഉൾപ്പെടെ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 28ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാകും പരിപാടി ഉദ്ഘാടനം ചെയുക. തുടർന്ന് സംരംഭകരുമായി മുഖ്യമന്ത്രി സംവദിക്കും.
28ന് ഉച്ചയ്ക്ക് 12:30ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകൾ വിശദീകരിക്കുന്ന 'ഇകോണമിക് ഡൈവേഴ്‌സിഫിക്കേഷൻ ത്രൂ പോർട്ട് ഡ്രിവൺ ഇൻഡസ്ട്രിയൽ ക്ലസ്റ്റേഴ്‌സ്: ദ വിഴിഞ്ഞം പോർട്ടൽ' എന്ന വിഷയത്തിൽ വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ, വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ, സിസ്റ്റം ടെക്നോളജീസ് എംഡി അനിൽ രാജ് എന്നിവർ പങ്കെടുക്കുന്ന സെഷനുമുണ്ടാകും.
നബാർഡിന്‍റെ നേതൃത്വത്തിൽ കാർഷിക സമ്മേളനങ്ങളും പരിപാടിയിലുണ്ടാകും. കൂടാതെ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ച 10 ഉത്പന്നങ്ങളും പരിപാടിയിൽ ലോക വിപണിക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുമെന്നും അനൂപ് അംബിക വ്യക്തമാക്കി.
Also Read : ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം; വെറും 4 മാസം കൊണ്ട് ഒരു ലക്ഷം കണ്ടെയ്‌നറുകള്‍, ഖജനാവിലെത്തിയത് കോടികള്‍