കോഴിക്കോട് : സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിക്കുകയാണ്. ഇപ്പോൾ വ്യാപകമായ സൈബർ തട്ടിപ്പുരീതികളെയും അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെയും പറ്റിയാണ് ഈ പരമ്പര. പരമ്പരയിൽ ആദ്യം ലോട്ടറി/വ്യാജ സമ്മാന തട്ടിപ്പിനെപ്പറ്റി കൂടുതലറിയാം.
ലോട്ടറി/വ്യാജ സമ്മാന തട്ടിപ്പ് : ഇന്ന് നമ്മുടെ സമൂഹത്തിൽ ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വ്യാജ സമ്മാന സന്ദേശങ്ങൾ. വാട്‌സ്‌ആപ്പ്, ഇമെയിൽ, ഫോൺ കോൾ, എസ്എംഎസ് എന്നിവയിലൂടെ ലോട്ടറിയോ മറ്റ് വിലപിടിപ്പുള്ള സമ്മാന തുകയോ ലഭിച്ചെന്ന വ്യാജ സന്ദേശം ലഭിക്കും. ഒരു നിശ്ചിത തുക സർവീസ് ചാർജ് നൽകിയാൽ വലിയ സമ്മാനം ലഭിക്കും എന്ന് തെറ്റിദ്ധരിപ്പിക്കും. ഇരകളിൽ നിന്ന് പണം കൈപ്പറ്റുകയും സമ്മാനത്തുക ലഭിക്കാതെ അവർ വഞ്ചിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.
ഇതിൽ സംഭവിക്കുന്നത്..
- തട്ടിപ്പുകാർ ലോട്ടറി അടിച്ചു എന്നും ആ ലോട്ടറിയിൽ ലക്ഷങ്ങൾ നേടിയെന്നും ഒരു സന്ദേശം മെസേജ് ആയോ ഇമെയിൽ ആയോ ഇരകൾക്ക് അയയ്ക്കുന്നു.
2. തെറ്റിദ്ധരിച്ച് ഇര വ്യക്തിഗത വിശദാംശങ്ങൾ തട്ടിപ്പുകാരന് ഇമെയിൽ വഴി നൽകുന്നു.
3. തട്ടിപ്പുകാരൻ ഇരയുടെ പേരിൽ വ്യാജ ചെക്കിന്‍റെ/സർട്ടിഫിക്കറ്റിൻ്റെ സ്‌കാൻ ചെയ്‌ത പകർപ്പ് അയയ്ക്കുന്നു.
4. ഇത് വിശ്വസിച്ച ഇര, തട്ടിപ്പുകാരൻ നൽകിയ ഒരു വ്യാജ ബാങ്ക് അക്കൗണ്ടിലേക്ക് "രജിസ്ട്രേഷൻ ഫീസ്" ആയി അവർ പറഞ്ഞ ഒരു തുക നിക്ഷേപിക്കുന്നു.
5. ഇരകൾ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ നിക്ഷേപിച്ചേക്കാം, ചിലപ്പോൾ ലക്ഷങ്ങളുടെ നഷ്‌ടം സംഭവിക്കാം.
6. വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കുമ്പോഴേക്കും വലിയൊരു തുക നിങ്ങൾക്കു നഷ്‌ടപ്പെട്ടിരിക്കും.
തട്ടിപ്പിൽ നിന്ന് രക്ഷ നേടാൻ ശ്രദ്ധിക്കേണ്ടത് : നിയമാനുസൃതമായ ഒരു ലോട്ടറിയും സമ്മാനത്തുകയ്‌ക്ക് മുൻകൂറായി പണം അടയ്ക്കാൻ ആവശ്യപ്പെടാറില്ല. ഇമെയിലുകൾ, സന്ദേശങ്ങൾ, ഫോൺ കോളുകൾ, മറ്റ് സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ ലഭിക്കുന്ന ആവശ്യമില്ലാത്ത ഓഫറുകളോട് ഒരിക്കലും പ്രതികരിക്കരുത്.
ലോട്ടറിയുടെയോ, സമ്മാനങ്ങളുടെയോ പേരിൽ ആർക്കും പണം കൈമാറരുത്. നിയമാനുസൃത ലോട്ടറികൾക്കോ, സമ്മാനങ്ങൾക്കോ അവ ലഭിക്കുന്നതിന് പണം നൽകേണ്ടതില്ല.
കടപ്പാട് സൈബർ ടീം കോഴിക്കോട്. തുടരും...
Also Read: സിബിഐയെന്ന് പരിചയപ്പെടുത്തി വീഡിയോ കോളിലൂടെ പണം തട്ടാൻ ശ്രമം; പരാതി നൽകി വീട്ടമ്മ