കോഴിക്കോട്: ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും ചാലി പുഴയും കരകവിഞ്ഞതിനെ തുടർന്ന് മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, മാവൂർ, പെരുവയൽ, ചാത്തമംഗലം, കൊടിയത്തൂർ, പഞ്ചായത്തുകളിലെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പുഴകൾ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം ഇരച്ചെത്തിയത്. അപ്രതീക്ഷിതമായി വീടുകളിൽ വെള്ളം കയറിയതോടെ വീട്ടുസാമഗ്രികൾ പോലും മാറ്റാൻ മിക്ക വീട്ടുകാർക്കും ആയിട്ടില്ല.
മാവൂർ പഞ്ചായത്തിൽ മാത്രം അറുപതിലേറെ വീട്ടുകാരാണ് വീടൊഴിയേണ്ടി വന്നത്. മിക്കവരും ബന്ധുവീടുകളിലേക്കാണ് മാറി താമസിച്ചത്. പുഴകൾ കരകവിഞ്ഞതോടെ പ്രധാന റോഡുകൾ ഉൾപ്പെടെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാതെ ഒറ്റപ്പെട്ട അവസ്ഥയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് ദുരിതാശ്വാസ പ്രവർത്തകർക്കും പഞ്ചായത്ത് അധികൃതർക്കും എത്താനാവാത്ത സ്ഥിതിയുള്ളതുകൊണ്ട് വെള്ളപ്പൊക്കത്തിന്‍റെ ദുരിതം നേരിടുന്നവരുടെ കൃത്യമായ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
2018ലേതിന് സമാനമായ രീതിയിലുള്ള വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായത്. മാവൂർ ഗ്രാമപഞ്ചായത്തിലെ കച്ചേരികുന്ന് സാംസ്‌കാരിക നിലയത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. മറ്റിടങ്ങളിലും വെള്ളപ്പൊക്ക ബാധിതരെ മാറ്റിപ്പാർപ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മഴ നിലയ്ക്കാതെ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കത്തിന്‍റെ രൂക്ഷത ഇനിയും ഉയരാനാണ് സാധ്യത.