കോട്ടയം : കനത്ത മഴയെ തുടർന്ന് ഏറ്റുമാനൂരിൽ വീട് തകർന്നു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റി പാറോലിക്കൽ ഭാഗത്ത് നെടിയാനിൽ ജിബി ജോസഫിന്‍റെ വീടാണ് തകർന്നത്. ഇന്നലെ (16-07-2024) ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അടുക്കളയുടെ ഭാഗം വലിയ ശബ്‌ദത്തോടെ തകർന്നു വീഴുകയായിരുന്നു.
ജിബിയുടെ അമ്മ ഏലിയാമ്മയും ഭാര്യ ജിൻസിയും 6 മാസം പ്രായമുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജിൻസി അടുക്കളയിൽ പണികൾ ചെയ്യുന്നതിനിടെ ശബ്‌ദം കേട്ട് ഓടി മാറുകയായായിരുന്നു. അപകടത്തില്‍ അടുക്കളയും ചിമ്മനിയും പൂർണമായും തകർന്നു.
വാട്ടർ ടാങ്കും അടുക്കള ഉപകരണങ്ങളും നശിച്ചു. വീടിന്‍റെ മറ്റ് ഭാഗങ്ങളും അപകടാവസ്ഥയിലാണ്. ഭിത്തികൾക്കും തറയ്ക്കും വിള്ളൽ ഉണ്ട്. വാർഡ് കൗൺസിലർ വിജി ചാവറ സ്ഥലം സന്ദർശിച്ചു.
അതേസമയം, കനത്ത മഴയിൽ കോട്ടയം ജില്ലയിൽ ചൊവ്വാഴ്‌ച മാത്രം 25 വീടുകളാണ് തകർന്നത്. ചങ്ങനാശേരിയില്‍ 14 വീടുകളും കോട്ടയത്ത് 10 വീടുകളും കാഞ്ഞിരപ്പളളിയില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കോട്ടയം താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വിജയപുരം വില്ലേജില്‍ വടവാതൂര്‍ ജിഎല്‍പിഎസ്, വടവാതൂര്‍ എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്. സ്‌ത്രീകളും കുട്ടികളുമടക്കം 17 പേർ നിലവില്‍ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.