കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിൽ പന്തീരാങ്കാവിനു സമീപം കനത്ത കാറ്റിലും മഴയിലും വീടിൻ്റെ മേൽക്കൂര തകർന്നു വീണു. മാമ്പുഴ കാട്ട് മീത്തൽ ജോയിയുടെ വീടിന്‍റെ മേൽക്കൂരയാണ് പൂർണ്ണമായും തകർന്നത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.
സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നു. വീട്ടുകാർ വലിയ ശബ്‌ദം കേട്ട് നോക്കുമ്പോൾ മേൽകൂരയിലെ ഓട് വീഴുന്നതാണ് കണ്ടത്. തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന കുട്ടികളടക്കമുള്ളവർ പുറത്തേക്ക് ഓടി മാറുകയായിരുന്നു. വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു വീണു.
വീട് തകർന്നു വീണതിനെ തുടർന്ന് ഒളവണ്ണ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ ജോയിയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു പോകുന്നത്. വീട് തകർന്നതോടെ താമസിക്കാൻ ഇടമില്ലാതായിരിക്കുകയാണ് ജോയിയുടെ കുടുംബത്തിന്. വീട് നഷ്‌ടപ്പെട്ടതോടെ ഇനി എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
ALSO READ: കോട്ടയം ജില്ലയിൽ മഴയ്‌ക്ക് നേരിയ ശമനം; പടിഞ്ഞാറൻ മേഖലയിൽ വെള്ളപൊക്കം തുടരുന്നു