തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, പാലക്കാട്, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതേസമയം വയനാട് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളും പിഎസ്‌സി പരീക്ഷകളും നടക്കും.
കണ്ണൂർ ജില്ല കലക്‌ടറുടെ ഉത്തരവ് പ്രകാരം സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. പാലക്കാട് ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ജൂലൈ 19ന് നടത്താനിരുന്ന എല്ലാ പൊതു പരീക്ഷകളും മാറ്റമില്ലാതെ നടത്തുമെന്ന് ജില്ല കലക്‌ടർ പറഞ്ഞു.
ഇടുക്കിയിൽ ഇന്ന് ദേവികുളം താലൂക്കിലെയും, ചിന്നക്കനാൽ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മൂന്നാർ, ദേവികുളം, ചിന്നക്കനാൽ , ഗ്യാപ്പ്റോഡ് എന്നിവിടങ്ങളിലെ കനത്ത മഴ, മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള സാഹചര്യം എന്നിവ കണക്കിലെടുത്താണ് ദേവികുളം താലൂക്കിലെയും, ചിന്നക്കനാൽ പഞ്ചായത്തിലെയും പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, നഴ്‌സറി സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവ നിർബന്ധമായും പ്രവർത്തിക്കാൻ പാടുള്ളതല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷ, ഇന്‍റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല. പൂർണ്ണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും കലക്‌ടർ അറിയിച്ചു.
Also Read: ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴ തുടരും